കൊച്ചി
ഐഎൻഎസ് വിക്രാന്ത് നിർമിച്ചതിലൂടെ വികസിത രാജ്യമാകാനുള്ള കുതിപ്പിൽ ഇന്ത്യ ഒരുചുവടുകൂടി മുന്നോട്ടുവച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്ത് കമീഷൻ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലിൽ വിക്രാന്തും ആകാശത്ത് തേജസ്സും ഏതുവെല്ലുവിളികളും നേരിടാൻ ഇന്ത്യയെ പ്രാപ്തമാക്കിയിരിക്കുന്നു. കേരളത്തിൽനിന്ന് മഹത്തായ ഓണത്തിന്റെ കാലയളവിൽ രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയായി. രാജ്യത്തിന്റെ പ്രതിഭയുടെയും പ്രതിബദ്ധതയുടെയുംകൂടി പ്രതീകമാണിത്. വിക്രാന്ത് സർവസജ്ജമായി കടലിലേക്ക് ഇറങ്ങുമ്പോൾ വനിതാനാവികരും ഉണ്ടാകും. വനിതകൾക്ക് സേനകളിൽ കൂടുതൽ അവസരങ്ങൾ നൽകും. തമിഴ്നാട്ടിലേയും ഉത്തർപ്രദേശിലേയും പ്രതിരോധ ഇടനാഴി മികച്ച രീതിയിൽ മുന്നേറുന്നുണ്ടെന്നും മോദി പറഞ്ഞു.
സ്വയംപര്യാപ്തതയുടെ പ്രതീകമാണ് വിക്രാന്തെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. വിക്രാന്ത് രാജ്യസുരക്ഷയ്ക്ക് മുതൽക്കൂട്ടാകും. പ്രതിരോധ ഉൽപ്പാദന മേഖലയിൽ വലിയവളർച്ച നേടാനായെന്നും അദ്ദേഹം പറഞ്ഞു.