മലപ്പുറം
ഗുജറാത്തിലെ അഹമ്മദാബാദ് അടക്കം ആറ് നഗരങ്ങളിൽ 29 മുതൽ ഒക്ടോബർ 12 വരെ നടക്കുന്ന ദേശീയ ഗെയിംസിൽ ഒമ്പത് ഇനങ്ങളിൽ കേരളമുണ്ടാകില്ല. ദേശീയതലത്തിലെ മോശം പ്രകടനമാണ് തിരിച്ചടിയായത്. അത്ലറ്റിക്സ് അടക്കം 36 ഇനങ്ങളിലാണ് മത്സരം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനപ്രകാരം അവസാനം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഓരോ ഇനത്തിലും ഏഴാംസ്ഥാനത്തെത്തിയവരും ആതിഥേയരുമടക്കം എട്ട് ടീമുകൾക്കാണ് ഗെയിംസിൽ പങ്കെടുക്കാൻ അവസരം. കബഡി, യോഗ, ടെന്നീസ്, ലോൺബോൾ, ഹോക്കി, ഷൂട്ടിങ്, ടേബിൾ ടെന്നീസ്, ഗോൾഫ്, മല്ലകാമ്പ (യോഗയും ജിംനാസ്റ്റിക്സും ചേർന്ന ഇനം) എന്നിവയിലാണ് കേരള പ്രാതിനിധ്യം ഇല്ലാതാകുക.
അത്ലറ്റിക്സ്, നീന്തൽ, റോവിങ്, കനോയിങ് എന്നിവയിലെ മത്സര ഇനങ്ങൾസംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. അത്ലറ്റിക്സിൽ എൻട്രി നൽകാൻ സമയം നീട്ടി. 2022ൽ രാജ്യത്ത് നടന്ന വിവിധ അത്ലറ്റിക് ചാമ്പ്യൻഷിപ്പുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്കിങ് പട്ടികയിൽ 16 വരെയുള്ളവർക്കാണ് ദേശീയ ഗെയിംസിന് അവസരം. അതേസമയം ഒരു സംസ്ഥാനത്ത് മൂന്നിൽ കൂടുതൽപേർ റാങ്കിങ് പട്ടികയിൽ ഇടംപിടിച്ചാൽ ആദ്യ മൂന്നുപേർക്കേ പങ്കെടുക്കാനാകൂ. ആദ്യം പുറത്തിറക്കിയ റാങ്കിങ് പട്ടികയിൽ സർവീസസ് താരങ്ങളെ അവരുടെ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ, സർവീസസിന് സ്വന്തം ടീമുള്ളതിനാൽ ഈ പട്ടിക മാറ്റേണ്ടിവന്നു. പുതിയ പട്ടിക ഏതാനും ദിവസങ്ങൾക്കുമുമ്പുമാത്രമാണ് സംസ്ഥാന അത്ലറ്റിക് അസോസിയേഷനുകൾക്ക് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് അത്ലറ്റിക്സ് എൻട്രി നൽകാനുള്ള സമയം നീട്ടിയത്. കേരളം 49 അംഗ ടീമിനെ പ്രഖ്യാപിച്ചു.
ഒരുക്കം നടക്കുമ്പോഴും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും വിവിധ കായിക ഫെഡറേഷനുകളും തമ്മിൽ തർക്കമുണ്ട്. പല ഫെഡറേഷനുകളും ദേശീയ കായിക മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലുള്ള തർക്കവും കേസുകളും ദേശീയ ഗെയിംസ് സംഘാടനത്തിന്റെ വേഗതയെ ബാധിച്ചിട്ടുണ്ട്.