കൊച്ചി
കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്റെ നിർമാണപ്രവർത്തനങ്ങൾ അതിവേഗം പൂർണതയിലേക്ക്. പ്രധാന ബ്ലോക്കായ എ ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി. 2023 ജൂണിൽ മറ്റ് മൂന്ന് ബ്ലോക്കിന്റെയും പണി പൂർത്തിയാക്കും. സംസ്ഥാന സർക്കാർ അനുവദിച്ച 370.2 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇൻകെലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. മെഡിക്കൽ ബ്ലോക്ക്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, സർവീസസ് ബ്ലോക്ക്, പെയിൻ ആൻഡ് പാലിയേറ്റീവ് ബ്ലോക്ക് എന്നിവയാണ് പൂർത്തിയാകുന്നതെന്ന് ക്യാൻസർ സെന്റർ സൂപ്രണ്ടിന്റെ ചുമതലവഹിക്കുന്ന ഡോ. പി ജി ബാലഗോപാൽ പറഞ്ഞു.
ബി, സി, ഡി ബ്ലോക്കുകളുടെ നിർമാണങ്ങളും അവസാനഘട്ടത്തിലാണ്. 400 തൊഴിലാളികൾ വിവിധ ഷിഫ്റ്റുകളിലായി രാവും പകലും ജോലി തുടരുകയാണ്. റേഡിയോതെറാപ്പി യൂണിറ്റിന്റെ ബങ്കർ, ആറുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർടാങ്ക്, റാമ്പ് എന്നിവയാണ് പൂർത്തിയാകാനുള്ളത്. മൊത്തം ഒമ്പതു നിലകളാണുള്ളത്. 6.08 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 80 ഐസിയു കിടക്കകളും 252 വാർഡ് കിടക്കകളും 36 ഒപി കിടക്കകളും ഉണ്ടാകും. 10 ഓപ്പറേഷൻ തിയറ്ററുകളാണ് സജ്ജമാക്കുന്നത്. 12 കോടി രൂപകൂടി കിഫ്ബി അനുവദിച്ചാൽ ബോൺമാരോ ചികിത്സയും ആരംഭിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി സതീഷ്കുമാർ പറഞ്ഞു. ഫണ്ട് അനുവദിക്കുന്നതിനായി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. 46 കോടി രൂപ ചെലവഴിച്ച് മൂന്ന് റേഡിയോതെറാപ്പി യന്ത്രങ്ങളാണ് സ്ഥാപിക്കുന്നത്. 16 കോടിയുടെ ആദ്യയന്ത്രം ഡിസംബറിൽ എത്തുമെന്ന് ഫിനാൻസ് ഓഫീസർ സി അജയ്കുമാർ പറഞ്ഞു.
ക്യാൻസർ സെന്ററിൽ നിലവിൽ 20 കിടക്കകളാണുള്ളത്. പുതിയ 332 കിടക്കകൾ വരുന്നതോടെ 1281 ജീവനക്കാരെക്കൂടി നിയമിക്കുന്നതിന് സർക്കാരിന് കത്ത് നൽകി. മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, പാത്തോളജി പുനരധിവാസ ക്ലിനിക്, ലിമ്പ്സ് അലോയ് യൂണിറ്റ് എന്നിവ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 2021ൽ പുതുതായി 1108 രോഗികൾ രജിസ്റ്റർ ചെയ്തു. 228 മേജർ ശസ്ത്രക്രിയകളും 1959 കീമോതെറാപ്പികളും നടന്നതായി ആർഎംഒ ഡോ. സിഷ ലിസ് എബ്രഹാം പറഞ്ഞു.