ന്യൂഡൽഹി
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, സെക്കുലറിസം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയടക്കം നൽകിയ ഹർജികൾ സെപ്തംബർ 23ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി.
ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം എം സുന്ദ്രേഷ് എന്നിവരുടെ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജികൾ പരിഗണിച്ചത്. 23ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാകും ഹർജികൾ കേൾക്കുക. നാൽപ്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വാക്കുകൾ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. ആമുഖം ഭരണഘടനയുടെ അടിസ്ഥാന ശിലയാണെന്നും ഭേദഗതി നടത്താനാകില്ലെന്നും കേശവാനന്ദ ഭാരതി കേസിലടക്കം സുപ്രീംകോടതി വിധി നിലനിൽക്കവേയാണ് പുതിയ ആവശ്യം.