ന്യൂഡൽഹി
ബംഗാളിൽ പൂർവ ബർധമാൻ ജില്ലാ ആസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധപരിപാടിക്കുനേരെ ഉണ്ടായ ക്രൂരമായ പൊലീസ് അതിക്രമത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. ലാത്തിച്ചാർജിൽ 250ൽപ്പരം സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. ഏകദേശം 170 പേരെ അറസ്റ്റുചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം അഭാസ് റോയ് ചൗധരി അടക്കം 41 പേർക്ക് ജാമ്യം നിഷേധിച്ച് ജയിലിലാണ്.
1959ലെ ഐതിഹാസിക ഭക്ഷ്യസമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച 80 പേരെ അനുസ്മരിച്ച് എല്ലാവർഷവും ആഗസ്ത് 31നു സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളിൽ സിവിൽ നിസ്സഹകരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ ഇതിന്റെ ഭാഗമായി പൂർവ ബർധമാൻ കലക്ടറുടെ ഓഫീസിലേക്ക് മാർച്ച് ചെയ്തവർക്കുനേരെ പ്രകോപനരഹിതമായി ജലപീരങ്കി പ്രയോഗിച്ച് തുടർന്ന് ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങൾക്കും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും എതിരായ ആക്രമണം അംഗീകരിക്കാൻ കഴിയില്ല. കള്ളക്കേസുകൾ പിൻവലിച്ച് സിപിഐ എം നേതാക്കളെ നിരുപാധികം വിട്ടയക്കണം. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പിബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.