ന്യൂഡൽഹി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ‘ഇരട്ട എൻജിൻ കുതിപ്പ്’ നടക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം കേന്ദ്രസര്ക്കാരിന്റെ റിപ്പോര്ട്ടുകള്ക്ക് മുന്നില് പൊളിയുന്നു. നിതി ആയോഗിന്റെ സമഗ്രവികസന സൂചിക (2020–-21)യിൽ കേരളം ഒന്നാംസ്ഥാനത്ത് നിൽക്കുമ്പോൾ ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശ്, അസം, ബിഹാർ എന്നിവ ഏറ്റവും പിന്നില്. നവജാത ശിശുക്കളിലെ മരണനിരക്ക് കേരളത്തിൽ ആയിരത്തിന് ആറ്. ഇത് മധ്യപ്രദേശിൽ 46, ഉത്തർപ്രദേശിൽ 41, അസമിൽ 40, ബിഹാറിൽ 29 വീതമാണ്. ദേശീയ ശരാശരി ആയിരത്തിന് മുപ്പത്.
കേരളത്തിലെ പൊതുജനാരോഗ്യ, സാമൂഹികക്ഷേമ സംവിധാനങ്ങളുടെ മികവ് കോവിഡ്കാലത്ത് ലോകം അംഗീകരിച്ചു. ഉത്തർപ്രദേശിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ ഗംഗയിൽ ഒഴുക്കിവിട്ടത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓക്സിജൻ കിട്ടാതെ രോഗികൾ വഴിയോരത്ത് കിടക്കുന്ന സ്ഥിതിയായി. അഴിമതി ഏറ്റവും കുറഞ്ഞ, മികച്ച ഭരണമുള്ള സംസ്ഥാനമായി പബ്ലിക് അഫയേഴ്സ് സെന്റർ സൂചികയിൽ കേരളം ഒന്നാമതെത്തി. ഉത്തർപ്രദേശ് ഇതിൽ 18–-ാം സ്ഥാനത്ത്.
നിതി ആയോഗ് സൂചികപ്രകാരം കേരളത്തിൽ ദാരിദ്ര്യം 0.71 ശതമാനംമാത്രം; ഉത്തർപ്രദേശിൽ 37.79 ശതമാനവും. പ്രധാന മേഖലകൾക്ക് ബജറ്റ് വിഹിതം നീക്കിവയ്ക്കുന്നതിലും ഉത്തർപ്രദേശ് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നില്. ഉത്തർപ്രദേശിലും ഗുജറാത്തിലും കുറ്റകൃത്യനിരക്ക് പെരുകുന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കും സ്ഥിരീകരിക്കുന്നു.
തുടർച്ചയായി ബിജെപി ഭരണമുള്ള യുപി, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, അസം, ഹരിയാന സംസ്ഥാനങ്ങള് കേന്ദ്ര സൂചികകളില്പോലും പിന്നില്. ബിജെപിയിതര സംസ്ഥാനസർക്കാരുകളെ ദുർബലപ്പെടുത്താന് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് തുടരവെയാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഭരണം വേണമെന്ന പ്രചാരണം പ്രധാനമന്ത്രി നടത്തുന്നത്.