ന്യൂഡൽഹി
എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പരസ്യപ്പെടുത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് കൂടുതൽ നേതാക്കൾ. അസമിൽനിന്നുള്ള കോൺഗ്രസ് എംപി പ്രദ്യുത് ബോർദലോയി ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മധുസൂദനൻ മിസ്ത്രിക്ക് കത്തയച്ചു. സംശയങ്ങൾ അകറ്റാനും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനും വോട്ടർപട്ടിക പരസ്യമാക്കണമെന്ന് ബോർദലോയി ദേശീയമാധ്യമത്തോട് പ്രതികരിച്ചു. ശശി തരൂർ എംപിയും ഈ ആവശ്യമുന്നയിച്ച് മിസ്ത്രിക്ക് കത്ത് നൽകിയെന്ന് റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ മുതിർന്ന നേതാവ് ആനന്ദ് ശർമ വോട്ടർപട്ടികയെക്കുറിച്ച് പരാതിപ്പെട്ടു. 9000 അംഗങ്ങൾ ഉൾപ്പെട്ട വോട്ടർപട്ടികയെക്കുറിച്ച് വ്യാപക പരാതി ലഭിച്ചിട്ടുണ്ടെന്നും പിസിസി പ്രതിനിധികളെ തെരഞ്ഞെടുക്കാൻ യോഗങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ മനീഷ് തിവാരി പട്ടിക പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ജി–-23 സംഘത്തിലെ മറ്റ് നേതാക്കളും ഇതിനോട് യോജിച്ചു.
അഞ്ച് വർഷം മുമ്പ് രാഹുൽഗാന്ധി ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വോട്ടർപട്ടികയിൽ 9,531 പേരുണ്ടായിരുന്നു. ഇത്തവണ കൃത്യമായി എത്രപേരുണ്ടെന്ന് വ്യക്തമല്ല. മത്സരം നടക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. പിസിസി പ്രതിനിധികളിൽ 10 പേർ പിന്തുണച്ചാൽ മാത്രമേ പത്രിക നൽകാനാകൂ. ഇവർ ആരാണെന്ന് അറിയാതെ പത്രികയിൽ ഒപ്പിടീപ്പിക്കുന്നത് എങ്ങനെയെന്ന് ജി–-23 നേതാക്കൾ ചോദിക്കുന്നു. വോട്ടർ അല്ലാത്തവർ പിന്തുണച്ചാൽ പത്രിക തള്ളും. ഈ ആശങ്ക അകറ്റണമെന്നാണ് തരൂർ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്.