തിരുവനന്തപുരം> സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ തദ്ദേശ, എക്സൈസ് മന്ത്രിസ്ഥാനം എം വി ഗോവിന്ദൻ രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. കഴിഞ്ഞ ഒന്നേകാൽ വർഷക്കാലത്തെ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണയും ആത്മാർത്ഥമായ സഹകരണവും നൽകിയ തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ, കൈകാര്യം ചെയ്ത വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും, കുടുംബശ്രീ പ്രസ്ഥാനത്തിലെ പ്രിയപ്പെട്ടവർ തുടങ്ങി ഓരോരുത്തരോടും നന്ദി അറിയിക്കുന്നെന്ന് രാജിക്കത്ത് കൈമാറിയ ശേഷം അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിനെയും എക്സൈസ് വകുപ്പിനെയും കൂടുതൽ ഉയരത്തിലേക്ക് നയിക്കാൻ, കാര്യക്ഷമമായ ഇടപെടൽ തുടർന്നും നിങ്ങൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക സർക്കാരുകളായ തദ്ദേശ ഭരണ സ്ഥാപനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള നടപടികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടുപോവുകയാണ്. ലഹരിമുക്ത കേരളത്തിനായി വിപുലമായ ക്യാമ്പയിനും നടപ്പിലാക്കുകയാണ്. ഈ പ്രവർത്തനങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി നമുക്ക് അണിചേരാം. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങളുയർത്തിയുള്ള നിരന്തര പോരാട്ടമാണ് ഓരോ കമ്യൂണിസ്റ്റുകാരന്റെയും മുഖ്യചുമതല. നമുക്കൊന്നിച്ച് നവകേരള സൃഷ്ടിക്കായുള്ള പോരാട്ടത്തിൽ അണിചേരാമെന്നും അദ്ദേഹം പറഞ്ഞു.