തിരുവനന്തപുരം> ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച കെഎസ്ഇബിക്ക് കേന്ദ്ര റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ അംഗീകാരവും പ്രശംസയും. മറ്റ് സംസ്ഥാനങ്ങളിൽ പുരപ്പുറ സൗരോർജ പദ്ധതികൾ നടപ്പിലാക്കുന്ന ഏജൻസികൾക്ക് മാതൃകയാക്കാനും ഷോക്കേസ് ചെയ്യാനുമായി ഡൽഹിയിൽ നടക്കുന്ന ദേശീയ വർക്ക്ഷോപ്പിൽ പുരപ്പുര സൗരോർജ പദ്ധതിയിൽ കേരളം സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കേന്ദ്ര റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ ക്ഷണവും അര മണിക്കൂർ അവതരണാനുമതിയും ലഭിച്ചിട്ടുണ്ട്.
പുരപ്പുറം, ഭൗമോപരിതലം, ഫ്ലോട്ടിങ് സോളാർ എന്നിവ വഴി സംസ്ഥാനം 604 മെഗാവാട്ട് സൗരോർജശേഷി ആർജിച്ചിട്ടുണ്ട്. കഴിഞ്ഞ 15 മാസത്തിനുള്ളിൽ കമീഷൻ ചെയ്തതാണ്.സംസ്ഥാനത്തെ പുരപ്പുറ സോളാർ പ്ലാന്റുകളുടെ സ്ഥാപിതശേഷി 328.77 മെഗാവാട്ടാണ്. അതിൽ 169.86 മെഗാവാട്ടും പൂർത്തിയായത് ഈ സർക്കാരിന്റെ കാലത്താണ്. കെഎസ്ഇബിയുടെ പുരപ്പുറ സൗരോർജ പദ്ധതിയായ സൗര പദ്ധതിയിൽ 61.82 മെഗാവാട്ടിന്റെ പ്ലാന്റുകളാണ് ഈ സർക്കാരിന്റെ കാലത്ത് സ്ഥാപിച്ചത്.
ഗാർഹിക ഉപയോക്താക്കൾക്കുള്ള സൗര സബ്സിഡി പദ്ധതി പ്രകാരം സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചു തുടങ്ങിയതും ഈ സർക്കാരിന്റെ കാലത്താണ്. 13,499 പുരപ്പുറങ്ങളിലായി 49.013 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ പ്ലാന്റുകൾ സബ്സിഡി പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുണ്ട്. ഇത് ദേശീയതലത്തിൽ തന്നെ വലിയ ഒരു നേട്ടമാണെന്നാണ് കേന്ദ്രമന്ത്രാലയം അറിയിച്ചത്.