കൊച്ചി> ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് തെറിച്ചുവീണ് എൽകെജി വിദ്യാർഥിനിയ്ക്ക് പരിക്കേറ്റു. ബസിന്റെ എമർജെൻസി വാതിൽ വഴിയാണ് കുട്ടി പുറത്തേക്ക് വീണത്. ആലുവ സ്വദേശി യൂസഫിന്റെ മകൾ, പേങ്ങാട്ടുശേരി അൽഹിന്ദ് പബ്ലിക് സ്കൂൾ വിദ്യാർഥിനി ഫൈസയാണ് (4) അപകടത്തിൽപ്പെട്ടത്. വ്യാഴം വൈകിട്ട് 3.45ന് സ്കൂളിൽനിന്ന് മടങ്ങവെയായിരുന്നു അപകടം.
കുട്ടി വീണത് ആദ്യം സ്കൂൾ ബസിലുള്ളവർ അറിഞ്ഞില്ല. നാട്ടുകാർ ചേർന്ന് പിന്നാലെ വന്ന വാഹനം നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്നാണ് സ്കൂൾ ബസ് നിർത്തിയത്. സ്കൂളിൽനിന്ന് 200 മീറ്റർ മാത്രം അകലെയുള്ള സ്ഥലത്ത് അപകമുണ്ടായിട്ടും സ്കൂൾ അധികൃതരും ബസ് ജീവനക്കാരും കൃത്യമായി ഇടപെട്ടില്ലെന്ന് കുട്ടിയുടെ അച്ഛൻ യൂസഫ് പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. വീണ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ വീണ്ടും ബസിൽ കയറ്റിക്കൊണ്ടുപോകുകയും മറ്റുകുട്ടികളെയെല്ലാം ഇറക്കിയ ശേഷം വീട്ടിൽ എത്തിക്കുകയുമാണ് ചെയ്തത്. വീട്ടിൽ എത്തിയശേഷം ശാരീരിക അസ്വാസ്ഥ്യമുണ്ടായതോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയിൽ ഫൈസയുടെ നടുവിന് പരിക്കേറ്റു. ശരീരമാസകലം ചതവുമുണ്ട്.
യൂസഫിന്റെ പരാതിയിൽ സ്കൂൾബസ് ഡ്രൈവർ നാലാംമൈൽ പാറേക്കാട്ടിൽ വീട്ടിൽ അനീഷിനെ (46) എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബാലാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറർക്കും എടത്തല എസ്എച്ച്ഒയ്ക്കും കലക്ടർ രേണു രാജ് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചശേഷം സ്കൂൾബസുകളിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും അപകടമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികളും സംബന്ധിച്ച് സ്കൂൾ അധികൃതരെ പങ്കെടുപ്പിച്ച് യോഗം ചേരുമെന്നും കലക്ടർ അറിയിച്ചു.