പുതുപ്പള്ളി> ആനിക്കാട് വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി. അയർക്കുന്നം മറ്റക്കര വാണിയംപുരയിടത്തിൽ ജേക്കബ് തോമസ് (40) ആണ് വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആനിക്കാട് സ്വദേശിയുടെ പട്ടയം കിട്ടിയ സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. രണ്ടുമാസംമുമ്പ് നൽകിയ അപേക്ഷ വൈകിപ്പിച്ച് 15,000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വിജിലൻസിന് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ബ്ലൂഫിനോഫ്തിലിൻ പൗഡർ ഇട്ടുനൽകിയ 15,000 രൂപ വില്ലേജ് ഓഫീസിൽവച്ച് കൈമാറി. പണം കൈപ്പറ്റുന്നതിനിടെ എത്തിയ വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫീസറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ കൈയിൽനിന്ന് പണവും കണ്ടെത്തി. പ്രതിയെ ശനിയാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.