ബംഗളൂരു
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്ന കേസിൽ കർണാടക ചിത്രദുർഗയിലെ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുക ശരണാരുവിനെ അറസ്റ്റ് ചെയ്തു. ശിവമൂർത്തി മുരുകയെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.മഠത്തിനു കീഴിലുള്ള -ഹോസ്റ്റലിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. ഹോസ്റ്റലിലെ ചീഫ് വാർഡനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്നും ചീഫ് ജസ്റ്റിസ് മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ സുപ്രീംകോടതി രജിസ്ട്രാർ ജനറലിന് കത്തയച്ചു.
ഈ മാസമാദ്യം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഠം സന്ദർശിച്ച് ദീക്ഷ സ്വീകരിച്ചിരുന്നു. കേസ് ഗൂഢാലോചനയാണെന്ന് മഠം ആരോപിച്ചു.