കൊച്ചി
മെട്രോയുടെ രണ്ടാംഘട്ടവികസനം നഗരവികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊച്ചി മെട്രോ ഇൻഫോപാർക്ക് പാതയുടെ നിർമാണോദ്ഘാടനവും വിവിധ റെയിൽ വികസനപദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിയാൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് പൊന്നാടയും ഉപഹാരങ്ങളും സമ്മാനിച്ചു.
ജവാഹർലാൽ നെഹ്റു സ്റ്റേഡിയംമുതൽ കാക്കനാട് ഇൻഫോപാർക്കുവരെ നീളുന്ന മെട്രോ രണ്ടാംഘട്ടം യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ഏറെ ഗുണകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൾട്ടി മോഡൽ കണക്ടിവിറ്റി സംവിധാനമാണ് നടപ്പാകുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുന്നതോടൊപ്പം മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. എസ്എൻ ജങ്ഷൻവരെയുള്ള മെട്രോ സർവീസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. പേട്ടയിൽനിന്ന് എസ്എൻ ജങ്ഷനിലേക്കുള്ള ആദ്യ മെട്രോ സർവീസിന് അദ്ദേഹം കൊടി വീശി.
തൃപ്പുണിത്തുറ എസ്എൻ ജങ്ഷനിൽനിന്നുള്ള ആദ്യ മെട്രോ ട്രെയിൻ ഓടിക്കുന്ന ടി സി അനീഷയും ശ്രീജ നായരും
എറണാകുളം സൗത്ത്–-നോർത്ത്, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായ കുറുപ്പന്തറ–- കോട്ടയം–- ചിങ്ങവനം പാത സമർപ്പണം, വൈദ്യുതീകരിച്ച കൊല്ലം–- -പുനലൂർ പാത സമർപ്പണം എന്നിവ പ്രധാനമന്ത്രി നിർവഹിച്ചു. കോട്ടയം–- എറണാകുളം ജങ്ഷൻ, കൊല്ലം–- പുനലൂർ സ്പെഷ്യൽ ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ അധ്യക്ഷനായി. മന്ത്രിമാരായ പി രാജീവ്, ആന്റണി രാജു, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ ബാബു, അൻവർ സാദത്ത്, ഉമ തോമസ്, മേയർ എം അനിൽകുമാർ, കൊച്ചി മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ, കലക്ടർ രേണു രാജ് തുടങ്ങിയവർ പങ്കെടുത്തു.
എസ്എൻ ജങ്ഷനിൽനിന്നുള്ള ആദ്യ മെട്രോ ട്രെയിനിൽ യാത്രചെയ്ത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളിൽ മാവേലിയായി എത്തിയ ജോർജി ജോസഫ് വീൽചെയറിൽ ഇരിക്കുന്ന അനിതയ്ക്ക് ഓണാശംസ നേരുന്നു / ഫോട്ടോ: മനു വിശ്വനാഥ്