കൊച്ചി
671 കോടി രൂപ ചെലവിട്ട് വികസിപ്പിക്കുന്ന എറണാകുളം സൗത്ത്–-നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കല്ലിട്ടു. സിയാൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും പങ്കെടുത്തു. ആത്മ നിർഭർ ഭാരത്, ഗതി ശക്തി ഭാരത് പദ്ധതികളുടെ ഭാഗമായി വിമാനത്താവളങ്ങളുടെ മാതൃകയിലാണ് സ്റ്റേഷനുകൾ ഒരുക്കുക. സംസ്ഥാനത്ത് ആദ്യമായാണ് അത്യാധുനിക മാതൃകയിൽ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നത്. എറണാകുളം സൗത്ത് സ്റ്റേഷനിൽ 445 കോടി രൂപയുടെയും നോർത്തിൽ 226 കോടി രൂപയുടെയും പദ്ധതികളാണ് നടപ്പാക്കുക.
ഇരുസ്റ്റേഷനുകളിലെയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആധുനികരീതിയിൽ പുതുക്കി നിർമിക്കും. സൗത്തിൽ അഞ്ചുനിലകളിലും നോർത്തിൽ നാലു നിലകളിലുമുള്ള ഓഫീസ് കെട്ടിടങ്ങൾ നിർമിക്കും. മഴയും വെയിലുമേൽക്കാത്തരീതിയിലുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾ പ്ലാറ്റ്ഫോമുകളിൽ ഒരുക്കും. പല നിലകളിലുള്ള പാർക്കിങ് കോംപ്ലക്സുകൾ രണ്ട് സ്റ്റേഷനിലും നിർമിക്കും. സൗത്ത് സ്റ്റേഷനിൽ നിലവിലുള്ള ഫുട് ഓവർബ്രിഡ്ജിനുപകരം അത്യാധുനിക മാതൃകയിലുള്ള രണ്ട് എയർ കോൺകോഴ്സുകൾ നിർമിക്കും. 25 മീറ്റർ വീതിയിൽ നിർമിക്കുന്ന കോൺകോഴ്സുകളിൽ യാത്രക്കാർക്ക് വിശ്രമിക്കാനും സൗകര്യങ്ങളുണ്ടാകും. നോർത്തിൽ 36 മീറ്റർ വീതിയിലുള്ള എയർ കോൺകോഴ്സും 12 മീറ്റർ വീതിയിൽ ഫുട് ഓവർബ്രിഡ്ജും നിർമിക്കും.
സൗത്ത് സ്റ്റേഷനെ കൊച്ചി മെട്രോയുടെ എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കുന്ന 95 മീറ്റർ നീളമുള്ള ആകാശപാതയും വിഭാവനം ചെയ്തിട്ടുണ്ട്. സോളാർ വൈദ്യുതിസംവിധാനങ്ങൾ ഒരുക്കും. മഴവെള്ളസംഭരണികളും ജലശുദ്ധീകരണ പ്ലാന്റുകളും നിർമിക്കും. ഗതാഗതം സുഗമമാക്കാനായി റോഡുകളുടെ വീതി കൂട്ടും.
ഭിന്നശേഷിസൗഹൃദമായിട്ടാണ് സ്റ്റേഷനുകളുടെ പുനർനിർമാണം. നവീകരിക്കുന്ന കൊല്ലം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലും സമാന സൗകര്യങ്ങൾ ഒരുക്കും. സൗത്ത് സ്റ്റേഷന്റെ നിർമാണം 24 മാസത്തിനുള്ളിലും നോർത്ത് സ്റ്റേഷൻ 36 മാസത്തിനുള്ളിലും പൂർത്തിയാക്കും. ട്രെയിൻ സർവീസുകളെ ബാധിക്കാതെയാകും നിർമാണം.