എഴുതിയ ഗാനങ്ങളെല്ലാം അന്നും ഇന്നും സൂപ്പര്‍ഹിറ്റ്, പക്ഷെ എഴുത്തുകാരനെ ആരും അറിഞ്ഞില്ല. സിനിമയില്‍ അറിയപ്പെടാതെ ആഘോഷിക്കപ്പെടാതെ പോകുന്ന നിരവധി പേരുണ്ട്. അതില്‍ ഒരു വിഭാഗമാണ് ഗാനങ്ങള്‍ എഴുതുന്നവര്‍. ഒരു പാട്ട് പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോള്‍ വലിയ ഹിറ്റാകുമ്പോള്‍ ആഘോഷിക്കപ്പെടുന്നത് അത് പാട്ടിയ പാട്ടുകാരേയും സംഗീതം നല്‍കിയവരേയും മാത്രമാകും. പാട്ടെഴുത്തുകാര്‍ക്ക് പലപ്പോഴും അര്‍ഹിച്ച പരിഗണന കിട്ടാറുകൂടിയില്ല. എന്തിന് പറയുന്നു. ചില സിനിമകളുടെ റ്റൈറ്റിലുകളില്‍ പോലും അവരുടെ പാട്ടെഴുത്തുകാരുടെ പേര് കൊടുക്കാതെ പോയിട്ടുണ്ട്. നമ്മള്‍ പാടി നടക്കുന്ന പല പാട്ടുകളും എഴുതിയത് ആരാണെന്ന് പോലും പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. പാട്ട് സൃഷ്ടിക്കുന്നവരുടെ പേരുകള്‍ എവിടേയും പറഞ്ഞുകേള്‍ക്കാതെ വിസ്മൃതിയിലാണ്ടുപോവുകയാണ് ചെയ്യുന്നത്.
ഗാനരചയിതാക്കളുടെ പേര് പറയാന്‍ പറഞ്ഞാലും അഞ്ചില്‍ കൂടുതല്‍ പേരുകള്‍ ആരും പറയാന്‍ വഴിയില്ല. വയലാര്‍, ഒഎന്‍വി, ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയ പേരുകള്‍ മാത്രമാകും പലര്‍ക്കും സുപരിചിതം. അത് ശ്രോതാക്കളുടെ മാത്രം പ്രശ്‌നമല്ല. സിനിമയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടും പാട്ടെഴുത്തുകാര്‍ക്ക് പരിഗണന കിട്ടുന്നുണ്ടോ എന്നും സംശയമാണ്. അതിനേക്കാള്‍ ചര്‍ച്ച ചെയ്യേണ്ടുന്ന മറ്റൊരു സംഗതിയുണ്ട്. ചില പാട്ടുകള്‍ എഴുതിയ ആള്‍ക്കാര്‍ക്ക് പകരം മറ്റ് ചില പ്രശസ്തരായ എഴുത്തുകാരുടെ പേരായിരിക്കും നമ്മള്‍ തെറ്റിദ്ധരിച്ച് വെച്ചിരിക്കുന്നത്. ഇത് ഓഎന്‍വി എഴുതിയതാകും, അല്ലെങ്കില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയതാകും എന്ന് നമ്മള്‍ കരുതുന്നു. എന്നാല്‍ ആ ഹിറ്റ് പാട്ടുകള്‍ക്ക് പുറകിലെ യഥാര്‍ത്ഥ അവകാശിയെ നമ്മള്‍ അറിയാറുകൂടിയില്ല.
അത്തരത്തില്‍ നിര്‍ഭാഗ്യവാനായ ഒരു പാട്ടെഴുത്തുകാരനാണ് കോന്നിയൂര്‍ ഭാസ്. പലര്‍ക്കും ഈ പേരുപോലും കേട്ട് പരിചയം കാണില്ല. ഇങ്ങനെയൊരു കവി ഉണ്ടായിരുന്നോ എന്നും പലര്‍ക്കും സംശയം തോന്നാം. എന്നാല്‍ കോന്നീയൂര്‍ ഭാസ് എന്ന പ്രതിഭ എഴുതിയ പാട്ടുകളൊന്നും മലയാളികള്‍ അത്രവേഗം മറക്കാന്‍ ഇടയില്ല. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ശേഷം കാഴ്ചയില്‍ ജോണ്‍സണ്‍ മാഷ് ഈണം നല്‍കിയ ഗാനം മാത്രം മതി കോന്നിയൂര്‍ ഭാസ് എന്ന ഗാനരചയിതാവിനെ ഓര്‍ക്കാന്‍. ‘മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്ത നാള്‍ മധു തേടിപ്പോയി. നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍’ എന്ന ആ ഗാനം ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആ ഗാനത്തിന്റെ സൃഷ്ടാവ് കോന്നിയൂര്‍ ഭാസ് ആണ്.
കാര്യം നിസ്സാരം എന്ന സിനിമയിലെ
കണ്‍മണി പെണ്‍മണിയേ കാര്‍ത്തിക പൊന്‍കണിയേ, അഹത്തിലെ
നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു, കളിപ്പാട്ടത്തിലെ
മൊഴിയഴകും മിഴിയഴകും എന്നിലണിഞ്ഞമ്മാ തുടങ്ങിയ പാട്ടുകളൊക്കെ കോന്നിയൂര്‍ ഭാസിന്റെ രചനകളാണ്. കവി മാത്രമായിരുന്നില്ല കോന്നിയൂര്‍ ഭാസ്. സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, സഹസംവിധായകന്‍ എന്നീ നിലയിലെല്ലാം പ്രതിഭ തെളിയിച്ചയാളുകൂടിയായിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത കാര്യം നിസ്സാരം, ശേഷം കാഴ്ചയില്‍, കണ്ടതും കേട്ടതും വേണു നാഗവള്ളിയുടെ ഏയ് ഓട്ടോ, ലാല്‍സലാം തുടങ്ങിയ സിനിമകളുടെ സഹസംവിധായകന്‍ ആയിരുന്നു ഭാസ്. മറ്റുള്ളവരുടെ പേരില്‍ തന്റെ ഗാനങ്ങള്‍ അറിയപ്പെട്ടത് ആ കലാകാരനെ തളര്‍ത്തി. മാത്രമല്ല അവസരങ്ങള്‍ തേടി വന്നതുമില്ല. നിരാശമാത്രമായിരുന്നു ആ കലാകാരന്റെ ജീവിതത്തിന്റെ ബാക്കി. പിന്നീട് രോഗത്തിലേക്കും അത് വഴിമാറി. തന്റെ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ കോന്നിയൂര്‍ ഭാസ് ഈ ലോകത്തോട് വിട പറഞ്ഞു. എന്നാല്‍ ആരുമറിയാതെ അദ്ധേഹത്തിന്റെ ഗാനങ്ങള്‍ ഇവിടെ ബാക്കിയായി.