കൊച്ചി
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഡിജിറ്റൽ സിനിമാ കൗൺസിൽ നടൻമാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. മലയാള സിനിമയുടെ മുന്നോട്ടുള്ള യാത്രയിൽ ഏറെ സഹായകരമായ സാങ്കേതിക പിന്തുണയാണ് ഡിജിറ്റൽ സിനിമാ കൗൺസിലെന്ന് മമ്മൂട്ടി പറഞ്ഞു. വ്യവസായമെന്നനിലയിൽ വലിയ പ്രതിസന്ധികൾ നേരിടുന്ന കാലത്താണ് ഇത്തരമൊരു പദ്ധതിയുമായി നിർമാതാക്കൾ മുന്നോട്ടുവരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
കേരളത്തിന്റെ സിനിമാരംഗത്ത് ഏറെ അഭിമാനകരമായ പദ്ധതിയാണ് ഇതെന്ന് മോഹൻലാൽ പറഞ്ഞു. സിനിമാസ്കോപ്പും 3ഡിയും ഉൾപ്പെടെ സിനിമാരംഗത്തെ പല പുതുമകളും തുടങ്ങിയത് മലയാള സിനിമയിലാണ്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നാണിത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി വരുന്നതെന്നും മോഹൻലാൽ പറഞ്ഞു.
മാസ്റ്റർ ചെയ്യുന്നതിന് സ്വകാര്യകമ്പനികൾ വലിയതുക വാങ്ങുന്ന പശ്ചാത്തലത്തിലാണ് സ്വന്തമായി മാസ്റ്റർ ചെയ്യാനുള്ള സംവിധാനം അസോസിയേഷൻ ഒരുക്കുന്നതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത് പറഞ്ഞു. പഴയകാല തിയറ്റർ ഉടമകൾ അടക്കമുള്ളവരെ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആദരിച്ചു.
കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, ബംഗാൾ ഫിലിം ചേംബർ വൈസ് പ്രസിഡന്റ് ബജ്രംഗ് ലാൽ അഗർവാൾ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പ്രഭു, തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റ് സി കല്യാൺ, കർണാടക ഫിലിം ചേംബർ പ്രസിഡന്റ് ബി എ ഹാരിഷ്, ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ് കുമാർ, ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ, സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ സെക്രട്ടറി രവി കൊട്ടാരക്കര, എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ഡോ. രാംദാസ്, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു തുടങ്ങിയവർ പങ്കെടുത്തു.