കൊച്ചി
-ഇടപ്പള്ളി–-മണ്ണുത്തി ദേശീയപാതയിൽ അറ്റകുറ്റപ്പണിക്കുള്ള കരാർ കൊച്ചി ആസ്ഥാനമായ ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് നൽകി. 12 കിലോമീറ്റർ ദേശീയപാതയുടെയും 24 കിലോമീറ്റർ സർവീസ് റോഡിന്റെയും ടാറിങ്ങും ചാലക്കുടി അടിപ്പാതയും ആറുമാസത്തിനകം പൂർത്തിയാക്കണം. നികുതി ഉൾപ്പെടെ 60 കോടി രൂപയാണ് ദേശീയപാത അതോറിറ്റി നിശ്ചയിച്ചത്. ഇതിൽ 25 ശതമാനം പിഴയായി നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ഈടാക്കും.
ഇവരുടെ പ്രമോട്ടർ സ്ഥാപനമായ കെഎംസി ഗ്രൂപ്പ് ടെൻഡറിൽ പങ്കെടുത്തെങ്കിലും ദേശീയപാത അതോറിറ്റി ഒഴിവാക്കി. റോഡ് നിർമാണവുമായി ബന്ധപ്പെട്ടും കരാർ അനുസരിച്ചുള്ള വ്യവസ്ഥകൾ പാലിക്കുന്നതിലും കമ്പനി ഗുരുതര വീഴ്ചവരുത്തിയിരുന്നു. 2006ൽ നിർമാണം തുടങ്ങി, 2028 വരെ പരിപാലന കാലാവധിയുള്ള റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞത് വൻ വിവാദമായി. ഇതിനെതിരായ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
മൂന്നുകമ്പനികളാണ് പുതിയ ടെൻഡറിൽ പങ്കെടുത്തത്. ഇതിൽ കെഎംസി ഗ്രൂപ്പിനെ സാങ്കേതിക പരിശോധനയിൽത്തന്നെ തള്ളി. ഏറ്റവും കുറഞ്ഞ തുക അറിയിച്ചത് ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ്. റോഡിന്റെ സ്ഥിതി പഠിക്കാൻ ഐഐടി സംഘം പ്രാരംഭനടപടികൾ തുടങ്ങി. ദേശീയപാത അതോറിറ്റിയുമായി ഫീസടക്കം നിശ്ചയിച്ചശേഷം റോഡ് തുരന്നുള്ള സാമ്പിൾ പരിശോധനയിലേക്ക് ഐഐടി സംഘം കടക്കും.