ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസിൽ അട്ടിമറിയോടെ തുടക്കം. വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യനും മുൻ ചാമ്പ്യനും പുറത്തായി. നിലവിലെ ചാമ്പ്യൻ എമ്മ റഡുകാനുവിനെ ആദ്യ റൗണ്ടിൽ ഫ്രാൻസിന്റെ ആലീസ് കോർണെറ്റാണ് തോൽപ്പിച്ചത്. 2020ലെ ചാമ്പ്യൻ നവോമി ഒസാക്കയെ അമേരിക്കയുടെ ഡാനിയേല്ലെ കോളിൻസും തുരത്തി.
റഡുകാനുവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് കോർണെറ്റ് കീഴടക്കിയത് (7–5, 6–3). പത്തൊമ്പതുകാരിയായ ബ്രിട്ടീഷ് താരത്തിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമായിരുന്നു കഴിഞ്ഞവർഷത്തെ യുഎസ് ഓപ്പൺ. എന്നാൽ, ആ മികവ് തുടരാനായില്ല.
രണ്ടുതവണ ചാമ്പ്യനായ ഒസാക്കയ്ക്കും ആദ്യ റൗണ്ട് കടക്കാനായില്ല. ജപ്പാൻതാരത്തെ നേരിട്ടുള്ള സെറ്റുകളിൽ കോളിൻസ് കീഴടക്കി (7–6, 6–3). മുൻ ചാമ്പ്യൻ വീനസ് വില്യംസും പുറത്തായി. പുരുഷ സിംഗിൾസിൽ ഓസ്ട്രേലിയയുടെ റിങ്കി ഹിജിക്കാറ്റയോട് ഒരു സെറ്റ് നഷ്ടമായശേഷം റഫേൽ നദാൽ ജയിച്ചുകയറി (4–6, 6–2, 6–3, 6–3).