തിരുവനന്തപുരം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ എറണാകുളം നഗരം വെള്ളത്തിൽ മുങ്ങി. റോഡ്, ട്രെയിൻ ഗതാഗതം താറുമാറായി. ലഘുമേഘ വിസ്ഫോടനമാണ് കനത്ത മഴയ്ക്കു കാരണമെന്ന് കുസാറ്റ് റഡാർ പഠനകേന്ദ്രം അറിയിച്ചു. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷന് സമീപവും പുല്ലേപ്പടിയിലും ട്രാക്കിൽ വെള്ളം കയറി. സിഗ്നൽ സംവിധാനം തകരാറിലായതോടെ എറണാകുളത്തേക്കുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി നിലച്ചു. വടക്കുനിന്നുള്ള ട്രെയിനുകൾ ഇടപ്പള്ളി, ആലുവ സ്റ്റേഷനിലും കോട്ടയത്തുനിന്നുള്ള ട്രെയിനുകൾ തൃപ്പൂണിത്തുറയിലും യാത്ര റദ്ദാക്കി. വെെകീട്ടോടെ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചെങ്കിലും സിഗ്നൽ തകരാർ പരിഹരിക്കാനായില്ല.
ആലപ്പുഴയിൽ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. കുട്ടനാട്ടിൽ വെള്ളത്തിൽവീണ് വിമുക്തഭടൻ പള്ളിക്കൂട്ടുമ്മ നാൽപ്പത്തഞ്ചിൽ പത്തിൽചിറ വീട്ടിൽ ശശിധരൻ (76) മരിച്ചു. കാസർകോട് ജില്ലയുടെ മലയോരമേഖലയിൽ ചൊവ്വ പുലർച്ചെ മിന്നൽപ്രളയമുണ്ടായി. പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള യാത്ര രാത്രി ഏഴു മുതൽ രാവിലെ ആറു വരെ നിരോധിച്ചു.
സംസ്ഥാനത്ത് ശനിവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനും വ്യാഴവും സംസ്ഥാനത്ത് മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വെള്ളിവരെ മീൻപിടിത്തത്തിന് വിലക്കുണ്ട്. ഇടമലയാര്, കക്കി, ബാണാസുരസാഗര്, പൊന്മുടി, ഷോളയാര്, കുണ്ടള, ലോവര്പെരിയാര്, കല്ലാര്കുട്ടി, മൂഴിയാർ ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലമ്പുഴ ഡാം ബുധനാഴ്ച രാവിലെ തുറക്കും.
താറുമാറായി ട്രെയിൻ ഗതാഗതം; വലഞ്ഞ് യാത്രക്കാർ
കനത്ത മഴയിൽ ട്രെയിൻ ഗതാഗതം താളംതെറ്റിയതോടെ വലഞ്ഞ് യാത്രക്കാർ. എറണാകുളം ടൗൺ സ്റ്റേഷന് സമീപത്തായും എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലും ട്രാക്കിൽ വെള്ളം കയറിയതോടെ സിഗ്നൽ സംവിധാനം കേടായതാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെടാൻ കാരണമായത്.
എറണാകുളത്തേക്കുള്ള ട്രെയിൻ യാത്ര ഭാഗികമായി റദ്ദാക്കിയതോടെ വിവിധ ട്രെയിനുകളിൽ നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി.
കോട്ടയം വഴി പോകേണ്ട ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടു. വടക്കുനിന്നുള്ള ട്രെയിനുകൾ ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിൽ ഭാഗികമായി യാത്ര റദ്ദാക്കി. നിസാമുദ്ദീൻ–-എറണാകുളം മംഗള എക്സ്പ്രസ് എറണാകുളം സൗത്തിനുപകരം എറണാകുളം നോർത്തിലും കോട്ടയംവഴിയുള്ള കൊല്ലം–-എറണാകുളം മെമു എക്സ്പ്രസ് തൃപ്പൂണിത്തുറയിലും സർവീസ് അവസാനിപ്പിച്ചു. കണ്ണൂർ എക്സിക്യൂട്ടീവ് ആലപ്പുഴയ്ക്കും ഇടപ്പള്ളിക്കുമിടയിൽ ഭാഗികമായി റദ്ദാക്കി. ആലപ്പുഴ–-കണ്ണൂർ എക്സിക്യൂട്ടീവ് ഇടപ്പള്ളിയിൽനിന്നും കോട്ടയംവഴിയുള്ള എറണാകുളം–-കൊല്ലം മെമു എക്സ്പ്രസ് തൃപ്പൂണിത്തുറയിൽനിന്നുമാണ് സർവീസ് ആരംഭിച്ചത്.
എറണാകുളം ജങ്ഷൻ സ്റ്റേഷനിൽനിന്ന് പുറപ്പെടേണ്ട എറണാകുളം–കായംകുളം അൺറിസേർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ പൂർണമായി റദ്ദാക്കി. എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട കോട്ടയം വഴിയുള്ള എറണാകുളം–-കൊല്ലം മെമു സ്പെഷ്യൽ മുളന്തുരുത്തിയിൽനിന്നാണ് സർവീസ് തുടങ്ങിയത്.
കെഎസ്ആർ ബംഗളൂരു–-എറണാകുളം ഇന്റർസിറ്റി ആലുവയിലും ഗുരുവായൂർ–-എറണാകുളം അൺറിസേർവ്ഡ് എക്സ്പ്രസ് ഇടപ്പള്ളിയിലും കൊല്ലം–-എറണാകുളം മെമു മുളന്തുരുത്തിയിലും സർവീസ് അവസാനിപ്പിച്ചു. വെെകിട്ടോടെ എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചെങ്കിലും സിഗ്നൽ തകരാർ പൂർണമായി പരിഹരിക്കാനായില്ല.