ന്യൂഡൽഹി
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നിർവാഹകസമിതിയിലേക്ക് ഐ എം വിജയനെ ശുപാർശ ചെയ്തു. രണ്ട് വനിതകളടക്കം ആറ് മുൻ കളിക്കാരെയാണ് സമിതിയിലെടുത്തത്.
കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി അനിൽകുമാറടക്കം 14 അംഗങ്ങൾ നിർവാഹകസമിതിയിലേക്ക് എതിരില്ലാതെ ജയിച്ചിരുന്നു. നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയും മുൻ ഗോളി കല്യാൺ ചൗബേയും തമ്മിലാണ് മത്സരം. വൈസ് പ്രസിഡന്റാകാൻ എൻ എ ഹാരിസും മൻവേന്ദ്രസിങ്ങും മത്സരിക്കും. ട്രഷറർ സ്ഥാനത്തേക്ക് കിപാ അജയും ഗോപാലകൃഷ്ണ കൊസരാജുവും ഏറ്റുമുട്ടും. 34 സംസ്ഥാന–-കേന്ദ്രഭരണ അസോസിയേഷൻ പ്രതിനിധികളാണ് വോട്ടർമാർ.