ന്യൂഡൽഹി
പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോൺഗ്രസിൽ വോട്ടർപട്ടികയെ ചൊല്ലി പോര്. എന്ത് വന്നാലും വോട്ടർപട്ടിക പരസ്യപ്പെടുത്തില്ലെന്ന നിലപാടിലാണ് സോണിയകുടുംബത്തിന്റെ സ്തുതിപാഠക സംഘം. ജി–-23 നേതാക്കളാകട്ടെ വോട്ടർപട്ടിക എത്രയും വേഗം കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും. ജി–-23 നേതാവായ മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ ബുധനാഴ്ച ആവശ്യം മുന്നോട്ടുവച്ചത്. ഒമ്പതിനായിരത്തോളം പേർ ഉൾപ്പെടുന്ന വോട്ടർപട്ടിക സംസ്ഥാനം തിരിച്ച് പിസിസികളിൽ എത്തിക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി പറഞ്ഞിരുന്നു. ഇതിനോടാണ് തിവാരിയുടെ പ്രതികരണം. ഇത് പിസിസി തെരഞ്ഞെടുപ്പല്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പാണ്. പിസിസി ഓഫീസിൽ പോയി വോട്ടർമാരെ മനസ്സിലാക്കേണ്ട ആവശ്യമെന്താണ്. സത്യസന്ധവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പട്ടിക പ്രസിദ്ധപ്പെടുത്തൂ. വോട്ടർമാർ ആരാണെന്നറിയാതെ എങ്ങനെ മത്സരിക്കും. 10 പേർ നാമനിർദേശം ചെയ്യേണ്ടതുണ്ട്. ഇവർ വോട്ടർമാരല്ലെന്ന് പറഞ്ഞ് പത്രിക തള്ളാം–- തിവാരി ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയുടെ കാര്യത്തിൽ സുതാര്യത വേണമെന്ന് ശശി തരൂരും പറഞ്ഞു. മനീഷിനോട് എല്ലാവരും യോജിക്കുമെന്നും- തരൂർ പറഞ്ഞു. മാറ്റം ആവശ്യപ്പെടുന്നവരെ വിമതരായി കാണരുതെന്ന് കാർത്തി ചിദംബരം പറഞ്ഞു. താൽക്കാലിക ഇലക്ടറൽ കോളേജ് ഒരിക്കലും ഇലക്ടറൽ കോളേജാകില്ല–- കാർത്തി പറഞ്ഞു. പ്രിഥ്വിരാജ് ചവാനും തിവാരിയെ പിന്തുണച്ചു.
പ്രസിദ്ധീകരിക്കില്ല:
കെ സി വേണുഗോപാൽ
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്നും അതാത് പിസിസികളെ സമീപിച്ചാൽ ലഭിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. കോൺഗ്രസിൽ ആർക്കും മത്സരിക്കാം. ആരോഗ്യകരമായ മത്സരം വരട്ടെ. പുതിയ അധ്യക്ഷന് കീഴിൽ കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കരുത്തുകാട്ടാനുറച്ച് ജി–-23
സോണിയകുടുംബാംഗങ്ങൾ കൂട്ടത്തോടെ പിൻവാങ്ങിയതോടെ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിലുറച്ച് ജി–-23 നേതാക്കൾ. വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തണമെന്ന് അവർ ആവർത്തിച്ച് ആവശ്യപ്പെടുന്നത് സോണിയകുടുംബഭക്തർ നിർത്തിയേക്കാവുന്ന ‘പാവ’ സ്ഥാനാർഥിക്കെതിരായി ശക്തമായ മത്സരം കാഴ്ചവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കോൺഗ്രസിൽ തങ്ങൾ ലക്ഷ്യമിടുന്ന പരിഷ്കാരങ്ങളെക്കുറിച്ച് പ്രവർത്തകർക്കിടയിൽ പ്രചാരണം നടത്താനും പിന്തുണയാർജിക്കാനുമുള്ള അവസരമായും കാണുന്നു.
നിലവിൽ ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പേരാണ് സ്ഥാനാർഥികളായി സജീവമായി ഉയർന്നുകേൾക്കുന്നത്. മത്സരിക്കാനില്ലെന്ന് ആനന്ദ് ശർമ വ്യക്തമാക്കി. മത്സരിക്കുമോയെന്ന കാര്യത്തിൽ മൂന്നാഴ്ചയ്ക്കകം തീരുമാനമെന്ന് തരൂർ പറയുന്നു. ഉത്തരേന്ത്യൻ നേതാവ് പ്രസിഡന്റാകുന്നതല്ലേ കോൺഗ്രസിന് ഗുണകരമാകുകയെന്ന ചോദ്യത്തിന് തരൂർ ഹിന്ദിയിൽ മറുപടി നൽകിയതും ഇതിന്റെ സൂചനയാണ്. അതേസമയം, തരൂർ ഔദ്യോഗിക സ്ഥാനാർഥിയാകില്ലെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. സോണിയകുടുംബഭക്തർ ആരെ സ്ഥാനാർഥിയാക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അശോക് ഗെലോട്ടിനും മല്ലികാർജുൻ ഖാർഗെയ്ക്കും സാധ്യതയുണ്ട്.
കോൺഗ്രസിൽ അവസാനമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത് 1998ലും 2000ത്തിലുമാണ്. 1998ൽ ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും തോൽപ്പിച്ച് സീതാറാം കേസരി പ്രസിഡന്റായി. 2000ൽ സോണിയ ഗാന്ധി ജിതേന്ദ്ര പ്രസാദയെ തോൽപ്പിച്ചു. നിലവിൽ ആ സാഹചര്യമല്ലെന്ന ബോധ്യം കുടുംബഭക്ത വിഭാഗത്തിനുണ്ട്. അതുകൊണ്ടാണ് വോട്ടർപട്ടികയും മറ്റും മറച്ചുവച്ച് ജി–-23 വിഭാഗത്തെ പരമാവധി ബുദ്ധിമുട്ടിക്കുന്നത്.