ബംഗളൂരു > കർണാടകത്തിലെ ഹൂബ്ലിയിലെ ഈദ്ഗാഹ് മൈതാനിയിൽ ഗണേശോത്സവം നടത്താൻ കർണാടക ഹൈക്കോടതി അനുമതി നൽകി. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇതുസംബന്ധിച്ച ഹർജിയിൽ കോടതി വിധി പറഞ്ഞത്. ഇവിടെ ഗണേശോത്സവം നടത്താൻ അനുവദിച്ച ധർവാദ് നഗരസഭയുടെ നടപടി ചോദ്യംചെയ്ത വഖഫ് ബോർഡിന്റെ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്. തങ്ങളുടെ പ്രാർഥനാസ്ഥലം മുനിസിപ്പൽ കമീഷണർ ഹിന്ദുക്കളുടെ ആരാധനാസ്ഥലമായി മാറ്റാൻ ശ്രമിക്കുകയാണെന്നായിരുന്നു ഹർജി.
ബംഗളൂരു ഈദ്ഗാഹ് മൈതാനിയിൽ ബുധനാഴ്ച ഗണേശചതുർഥി ആഘോഷം നടത്തരുതെന്ന് സുപ്രീംകോടതി വിധിച്ചയുടനെയാണ് ഹൂബ്ലി വിഷയത്തിൽ ഹൈക്കോടതിയുടെ വിധി. അതേസമയം ബംഗളൂരു ഈദ്ഗാഹ് മൈതാനി വിഷയവും ഹൂബ്ലിയിലെ വിഷയവും തികച്ചും വ്യത്യസ്തമാണെന്ന് അഡ്വക്കറ്റ് ജനറൽ ധ്യാൻ ചിന്നപ്പ കോടതിയിൽ പറഞ്ഞു. ഹുബ്ബള്ളിയിലെ സ്ഥലം സംബന്ധിച്ച് യാതൊരു തർക്കവും നടക്കുന്നില്ല. അത് നഗരസഭയുടെ സ്ഥലമാണ്. അവിടെ എന്തുചെയ്യണം എന്നു തീരുമാനിക്കുന്നത് നഗരസഭയാണെന്നും കോടതി പറഞ്ഞു.