തിരുവനന്തപുരം
ഇടതുമുന്നണി സർക്കാരിനെയും മുന്നണിയെയും ശക്തിപ്പെടുത്തി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുകയാണ് ലക്ഷ്യമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുസീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്; 18 സീറ്റുവരെ കിട്ടിയ സാഹചര്യവുമുണ്ട്. നല്ല രീതിയിലുള്ള പ്രചാരണം സംഘടിപ്പിച്ച് എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കും. കേരള പത്രപ്രവർത്തക യൂണിയൻ(കെയുഡബ്യുജെ) ജില്ലാകമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പരിമിതിയും കേന്ദ്രസർക്കാരിന്റെ നിലപാടുമായി ബന്ധപ്പെട്ടുള്ള പ്രയാസമൊക്കെയുണ്ടെങ്കിലും നല്ല രീതിയിലുള്ള വികസനപ്രവർത്തനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. കോൺഗ്രസിന്റെ പ്രസക്തിയെക്കുറിച്ച് ആ പാർടിക്ക് അകത്തുതന്നെയാണ് പ്രശ്നമുള്ളത്. ഗുലാംനബി ആസാദിനെപോലെയുള്ള മുതിർന്നനേതാവാണ് അതെകുറിച്ച് പറയുന്നത്. ഇനി ആരൊക്കെയാണ് ആ പാർടിയിൽനിന്ന് മാറുകയെന്ന് പറയാനാകില്ല. ബിജെപിക്ക് ബദൽ തങ്ങളാണെന്ന് രാജ്യത്തെ പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ജോഡോ യാത്രയിലൂടെ നടത്തുന്നത്. കോൺഗ്രസ് മതനിരപേക്ഷത പറയുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. കേരളത്തിന് പുറത്ത് മൃദുഹിന്ദുത്വനിലപാടാണ് സ്വീകരിക്കുന്നത്. അതിനാൽ കോൺഗ്രസിന് ബിജെപിയെ പ്രതിരോധിക്കാനാകില്ല.
സർക്കാരും പാർടിയും ഒരുമിച്ചുപോകും
സർക്കാരും പാർടിയും ചേർന്നുപോകുമെന്നും ഇതിൽ ഒരുമാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം സമരം സർക്കാർ വിരുദ്ധസമരമാണെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. സമരക്കാരിൽ ചെറിയൊരു വിഭാഗം സർക്കാരിനെതിരെ തിരിയാൻ ശ്രമിക്കുന്നുണ്ട്. ജനങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർലൈൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകേണ്ടിവരും
സിൽവർ ലൈൻ കേരളത്തിന്റെ 50 വർഷത്തെ വളർച്ചയെ അടിസ്ഥാനപ്പെടുത്തുന്ന പദ്ധതിയാണ്. ആവശ്യമായ രീതിയിൽ ആസൂത്രണംചെയ്ത് മുന്നോട്ട് പോകാനാകും. ഇത് മുരടിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. കേന്ദ്രവുമായി ചർച്ചചെയ്ത് തീരുമാനിച്ച പദ്ധതി കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിക്കാതെ നടപ്പാക്കാനാകില്ല. പദ്ധതി വഴിക്കുവച്ച് അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സമ്മർദത്തിൽ യുഡിഎഫുമുണ്ട്, ബിജെപിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.