പാലക്കാട്
വ്യവസായിയെ ഹണിട്രാപ്പിലൂടെ കുടുക്കി സ്വർണവും പണവും തട്ടിയ കേസിൽ സ്ത്രീയുൾപ്പെടെ ആറ് പേർ അറസ്റ്റിൽ. എറണാകുളം കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡ് സ്വദേശി ദേവു (24), ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപ് (29), കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ ടി ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ പാലക്കാട് സിജെഎം(ഒന്ന് ) കോടതി റിമാൻഡ് ചെയ്തു.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയിൽ എത്തിച്ചാണ് സംഘം പണവും സ്വർണവും തട്ടിയത്. കാർ, ഓഫീസ് രേഖകൾ, നാല് പവൻ മാല, മൊബൈൽ ഫോൺ, എടിഎം കാർഡുകൾ, 1000 രൂപ എന്നിവയാണ് തട്ടിയെടുത്തത്. വ്യവസായിയുടെ ഫോട്ടോയും വീഡിയോയും എടുത്ത് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.
സ്ത്രീയെന്ന വ്യാജേന ശരത് ഇൻസ്റ്റാഗ്രാമിലൂടെ വ്യവസായിയെ പരിചയപ്പെട്ടു. തുടർന്ന് നിരന്തരം ഫോൺ സന്ദേശം അയച്ച് വരുതിയിലാക്കി. ഭർത്താവ് ഗൾഫിലാണെന്നും വീട്ടിൽ അസുഖ ബാധിതയായ അമ്മയേ ഉള്ളുവെന്നും പറഞ്ഞായിരുന്നു ചാറ്റിങ്. കാണാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞതോടെ ശരത് തട്ടിപ്പിനായി ദേവു–-ഗോകുൽദീപ് ദമ്പതികളെ കൂട്ടുപിടിച്ചു. പിന്നീട് ദേവു വ്യവസായിയുമായി ചാറ്റിങ് നടത്തി. ശരത് ചാറ്റ് ചെയ്യുമ്പോൾ വ്യവസായിയോട് പാലക്കാടാണ് വീടെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ഓൺലൈനിലൂടെ ആൾതിരക്കൊഴിഞ്ഞ യാക്കരയിലെ വീട് വാടകയ്ക്ക് എടുത്തത്.
യാക്കരയിലെ വീട്ടിലെത്തിച്ച വ്യവസായിയെ സദാചാര പൊലീസ് ചമഞ്ഞ് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കാറിൽ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി കൂടുതൽ പണം തട്ടാനായിരുന്നു ശ്രമം. ഇതിനിടയിൽ വ്യവസായി കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടു. എടിഎമ്മിൽ നിന്ന് കൂടുതൽ പണം എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.