തിരുവനന്തപുരം
കടലോര ജനതയുടെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ് അവരുടെ ഉന്നമനത്തിനുള്ള പദ്ധതികൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങിയ പല പുനരധിവാസ പദ്ധതികളും പൂർത്തീകരിച്ചു, മറ്റുള്ളവ അതിവേഗത്തിൽ തീർക്കുകയാണ്. വിഴിഞ്ഞത്ത് സമരം ചെയ്യുന്നവർ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് അനുഭാവപൂർവം നിലപാടെടുത്ത സർക്കാർ പുതിയ നടപടികളും പ്രഖ്യാപിച്ചു.
2023 ഏപ്രിലോടെ തുറമുഖത്ത് ആദ്യത്തെ ബാർജും 2023 ഒക്ടോബറോടെ കൊമേഴ്സ്യൽ ഓപ്പറേഷനും ആരംഭിക്കാനാകുംവിധമാണ് നിർമാണം. ആവശ്യമായ എല്ലാ പഠനങ്ങളും പൂർത്തിയാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ഈ പഠന റിപ്പോർട്ട് പരിശോധിച്ചശേഷം അനുമതിയിൽ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രിബ്യൂണൽ പദ്ധതിപ്രദേശത്തിന്റെ തെക്കും വടക്കും 10 കിലോ മീറ്റർ വീതം ഉണ്ടാകുന്ന വ്യതിയാനങ്ങൾ പഠിച്ച് എല്ലാ ആറുമാസം കൂടുമ്പോഴും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. കൂടാതെ, ഷോർലൈൻ നിരീക്ഷിക്കാൻ ഒരു മോണിറ്ററിങ് സെല്ലും രൂപീകരിച്ചു. ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിനുമുമ്പും ഈ പ്രദേശങ്ങളിൽ കടൽക്ഷോഭവും തീരശോഷണവും ഉണ്ടായിരുന്നതായി പഠന റിപ്പോർട്ടുണ്ട്. തുറമുഖനിർമാണത്തിന്റെ ഭാഗമായി തീരശോഷണമുണ്ടാകുന്നു എന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് ഇത് വ്യക്തമാക്കുന്നു.
സമരം നടത്തുന്നവരുടെ പ്രതിനിധികളുമായി ചർച്ച നടത്തിവരികയാണെന്നും തുറമുഖനിർമാണം തീരശോഷണത്തിന് ഇടയാക്കുന്നുവെന്ന ആശങ്ക ഉൾപ്പെടെ ചർച്ചയിൽ പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ചർച്ചകളിൽ അവർ പൂർണമായും സഹകരിക്കുന്നുമുണ്ട്. പദ്ധതി പൊതുമേഖലയിൽ ആരംഭിക്കണമെന്നതായിരുന്നു എൽഡിഎഫ് നിലപാട്. അന്നത്തെ സർക്കാർ അത് അംഗീകരിച്ചില്ല. തുടർന്ന് എൽഡിഎഫ് സർക്കാർ വരുമ്പോൾ പദ്ധതി പ്രവർത്തനം ആരംഭിച്ചിരുന്നു. അതിനാൽ, പദ്ധതി തുടരട്ടെ എന്ന നിലപാട് സംസ്ഥാന താൽപ്പര്യം മുൻനിർത്തി സർക്കാർ സ്വീകരിച്ചു. ഇപ്പോൾ ആറുവർഷം പിന്നിട്ടു. നല്ല പുരോഗതി പദ്ധതി നിർവഹണത്തിൽ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പദ്ധതി നിർത്തിവയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.