തിരുവനന്തപുരം
സർക്കാർ സഹായത്തോടെ ആകാശത്തോളം ‘പറന്നുയർന്ന’വർ നന്ദി പറയാൻ നിയമസഭയിലെത്തി. സർക്കാർ സഹായത്തോടെ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രി കെ രാധാകൃഷ്ണൻ എന്നിവരെ കാണാനെത്തിയത്.
വിവിധ ജില്ലക്കാരായ 60 വിദ്യാർഥികളാണ് നിയമസഭ സന്ദർശിച്ചത്. പട്ടികവർഗ വികസന വകുപ്പിന്റെ സ്കോളർഷിപ്പോടെ 160 പേരാണ് കോഴ്സിലുള്ളത്. ആറ് മാസ കോഴ്സ് പഠിച്ചിറങ്ങിയ 93 പേർക്കും ഒരു വർഷ കോഴ്സ് കഴിഞ്ഞ 11 പേർക്കും വിവിധ എയർലൈനുകളിൽ ജോലി കിട്ടി. മുൻവർഷം പട്ടികജാതി വിഭാഗക്കാരായ 28 കുട്ടികൾക്കും ജോലി ലഭിച്ചിരുന്നു.
വയനാട്ടിലെ ഡ്രീം സ്കൈ ഏവിയേഷൻ ട്രെയിനിങ് അക്കാദമിയിലാണ് പഠനം പൂർത്തിയാക്കിയത്. വിദ്യാർഥികൾ വരച്ച മുഖ്യമന്ത്രിയുടെയും മന്ത്രി രാധാകൃഷ്ണന്റെയും ഛായാചിത്രങ്ങൾ ഇരുവർക്കും കൈമാറി. ഐഎംജി ഹാളിൽ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് മന്ത്രി കെ രാധാകൃഷ്ണൻ വിതരണംചെയ്തു.