തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് സർക്കാർ മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടലാക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങളെയും തീരനിയന്ത്രണ മേഖല (സിആർഇസഡ്) പരിധിക്കുള്ളിലെ കുടുംബങ്ങളെയും മാറ്റി പാർപ്പിക്കാൻ മുട്ടത്തറയിൽ എട്ടേക്കർ ഭൂമി കണ്ടെത്തി. ഇവർക്ക് വീട് നൽകുന്നതുവരെ 5500 രൂപ പ്രതിമാസ വാടക സർക്കാർ നൽകും. സ്ഥലത്തിനും വീടിനുമായി 10 ലക്ഷംരൂപ അനുവദിക്കുന്നുണ്ട്.
പൂന്തുറയ്ക്കും വലിയതുറയ്ക്കും ഇടയിലെ എല്ലാ ഹോട്ട് സ്പോട്ടുകളിലും തീരസംരക്ഷണത്തിന് 150 കോടിയുടെ പദ്ധതി പുരോഗമിക്കുകയാണ്. കോവളം ബീച്ച് പുനരുദ്ധാരണ ടൂറിസം പദ്ധതിക്ക് 58 കോടി രൂപയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കി. തുറമുഖനിർമാണം പൂർത്തിയായാൽ മത്സ്യത്തൊഴിലാളികൾക്ക് ബോട്ട് ലാൻഡിങ് സ്റ്റേഷൻ ഒരുക്കും. പാരമ്പര്യേതര ഊർജ പാർക്ക് സ്ഥാപിച്ച് സബ്സിഡി നിരക്കിൽ ഇന്ധനം നൽകും. തീരദേശ സംരക്ഷണത്തിന് 5300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
പദ്ധതിപ്രദേശത്ത് ജീവനോപാധി നഷ്ടപരിഹാരമായി 99.94 കോടി രൂപ വിതരണം ചെയ്തു. വിഴിഞ്ഞം കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയാക്കും. തുറമുഖ പദ്ധതിക്കായി 7.3 കോടി രൂപ ചെലവിൽ നിർമിച്ച പ്ലാന്റിനു പുറമെ, കഴിഞ്ഞവർഷം 1.74 കോടി രൂപ ചെലവിൽ ശുദ്ധജലക്ഷാമം പരിഹരിക്കാൻ പദ്ധതി നടപ്പാക്കി. കോട്ടപ്പുറത്ത് വീടില്ലാത്ത 1026- ആളുകൾക്ക് ലൈഫ് മിഷനിലൂടെ വീട് നൽകാൻ നടപടിയായി. ‘പുനർഗേഹ’ത്തിൽ തിരുവനന്തപുരം ജില്ലയിൽമാത്രം 340 കുടുംബത്തിന് ഫ്ലാറ്റ് നൽകി. വീട് നിർമിക്കാൻ 832 പേർക്ക് ഭൂമി രജിസ്റ്റർചെയ്തു. ഇതിൽ 399 വീട് നിർമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.