തേഞ്ഞിപ്പലം
ട്രാക്കിലും ഫീൽഡിലുമായി 10 റെക്കോഡുകൾ പിറന്ന സംസ്ഥാന യൂത്ത് അത്ലറ്റിക് മീറ്റിൽ 150 പോയിന്റുമായി -പാലക്കാട് ജേതാക്കളായി. 135.5 പോയിന്റുമായി കോഴിക്കോടാണ് രണ്ടാമത്. കോട്ടയം (127.5), മലപ്പുറം (91) ടീമുകൾ മൂന്നും നാലും സ്ഥാനത്ത് എത്തി. നിലവിലെ ജേതാക്കളായിരുന്ന എറണാകുളം (82) അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ രണ്ടുദിവസമായി നടന്ന മീറ്റിൽ ഇരട്ടറെക്കോഡുമായി ആഷ്ലിൻ അലക്സാണ്ടറും അഖില രാജുവും സൂപ്പർതാരങ്ങളായി. ഇരട്ട സ്വർണനേട്ടവുമായി കെ സി സിദ്ധാർഥും (ഒരു റെക്കോഡ്) സാന്ദ്രമോൾ സാബുവും മികച്ച പ്രകടനം നടത്തി. നൂറു മീറ്ററിൽ റെക്കോഡോടെ സ്വർണം നേടിയ ആലപ്പുഴ ലിയോ അത്ലറ്റിക് അക്കാദമിയുടെ ആഷ്ലിൻ 200 മീറ്ററിലും പുതിയ സമയം കണ്ടെത്തിയാണ് (22.17 സെക്കൻഡ്) ഇരട്ട റെക്കോഡ് സ്വന്തമാക്കിയത്. ഷോട്ട്പുട്ടിൽ സ്വർണം നേടിയ കാസർകോട് ചെറുവത്തൂർ കെ സി ത്രോസ് അക്കാദമിയുടെ അഖില രാജു ഡിസ്കസ്ത്രോയിലും (44.32 മീറ്റർ) പുതിയ ദൂരംകുറിച്ചു. വെള്ളി നേടിയ വി എസ് അനുപ്രിയയും മീറ്റ് റെക്കോഡ് മറികടന്നു (40.43 മീറ്റർ).
ഡിസ്കസ്ത്രോയിൽ കാസർകോടിന്റെ കെ സി ശ്രാവൺ (55.00 മീറ്റർ) പുതിയ റെക്കോഡിട്ടു. പെൺകുട്ടികളുടെ 200 മീറ്ററിലും 400 മീറ്ററിലുമാണ് കോട്ടയം ദ്രോണാചാര്യ കെ പി തോമസ് മാഷ് അക്കാദമിയിലെ സാന്ദ്രമോൾ സാബു ഇരട്ട സ്വർണനേട്ടം കൈവരിച്ചത്.