കൊച്ചി
രണ്ടുവർഷത്തെ കോവിഡ് പ്രതിസന്ധികൾക്കുശേഷം എത്തുന്ന ഓണാഘോഷത്തിനായുള്ള കാത്തിരിപ്പിൽ ആദ്യദിനം മഴ കവരുന്ന ആശങ്കയിലും അത്താഘോഷം കളറാക്കി നാട്ടുകാർ. തിങ്കൾ അർധരാത്രിയോടെ തുടങ്ങിയ മഴ ചൊവ്വ രാവിലെയും തോർന്നില്ല. അത്തംനഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായതോടെ ആശങ്കകൾ ഉയർന്നു. രാവിലെ നടക്കേണ്ടിയിരുന്ന സംഗീതവിരുന്ന് മാറ്റിവച്ചു. ഒമ്പതോടെ മഴ കുറഞ്ഞു. ആശങ്കകൾക്കും വിരാമമായി. പത്തരയോടെ ഉദ്ഘാടനച്ചടങ്ങ് തുടങ്ങി. തോമസ് ചാഴികാടൻ എംപി അത്തച്ചമയം ഉദ്ഘാടനം ചെയ്തു. കൊമ്പും കുഴലും പുല്ലാങ്കുഴലും വാദ്യമേളങ്ങളും വെടിക്കെട്ടും അകമ്പടിയായെത്തി. അനൂപ് ജേക്കബ് എംഎൽഎ അത്തംനഗറിൽ പതാക ഉയർത്തിയതോടെ ആർപ്പുവിളികളുടെ ആരവങ്ങൾക്കിടയിൽ ഓണാഘോഷത്തിന് കേളികൊട്ടുയർന്നു.
ഉദ്ഘാടനശേഷം സ്റ്റീഫൻ ദേവസിയുടെ സംഗീതവിരുന്നും അരങ്ങേറി. തുടർന്ന് ഘോഷയാത്ര ആരംഭിച്ചു. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കലാരൂപങ്ങളും ഇരുപതോളം നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായി. സ്കൂൾ, കോളേജ് വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും ആശാ പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു.
അത്തംനഗറിൽനിന്ന് പടിഞ്ഞാറേ ഗേറ്റുവഴി ഘോഷയാത്ര നഗരപാതയിൽ പ്രവേശിച്ചു. മാവേലിയും നഗാരയും പല്ലക്കും ആനയും മുന്നിൽ അണിനിരന്നു. പിന്നാലെ സ്കൂൾ, കോളേജ് വിദ്യാർഥികളുടെ ഡിസ്പ്ലേകളും അണിനിരന്നു. ഇടയ്ക്കെത്തിയ ചെറുമഴയ്ക്കും നാട്ടുകാരുടെ ആവേശം കെടുത്താനായില്ല. പുതിയ ബസ് സ്റ്റാൻഡ്, സ്റ്റാച്യു ജങ്ഷൻ, കിഴക്കേക്കോട്ട, എസ്എൻ ജങ്ഷൻ, വടക്കേക്കോട്ട വഴി ശ്രീ പൂർണത്രയീശ ക്ഷേത്രത്തിനുമുന്നിലൂടെ അത്തംനഗറിൽ തിരികെയെത്തി. ഉദ്ഘാടനച്ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, ജനറൽ കൺവീനർ പി കെ പീതാംബരൻ എന്നിവർ സംസാരിച്ചു. ലായം കൂത്തമ്പലത്തിൽ നടന്ന കലാ സന്ധ്യ നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു.
ആവേശം അലതല്ലി
സ്റ്റീഫന്റെ
സംഗീതമഴ
അത്തംനഗറിനെ ആവേശത്തിലാഴ്ത്തി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി. മാവേലി വാണിടും കാലം എന്ന ഓണപ്പാട്ടോടെയായിരുന്നു തുടക്കം. ആട്ടക്കലാശം വാദ്യസംഘത്തിലെ കലാകാരൻമാർ ചെണ്ടയിൽ പിന്തുണ നൽകിയതോടെ ആവേശമേറി. കുട്ടനാടൻ പുഞ്ചയിലെ എന്ന വഞ്ചിപ്പാട്ടിലേക്ക് കടന്നതോടെ ആവേശം അണപൊട്ടി. പാട്ടിനൊപ്പം കാണികളും ചുവടുവച്ചു. രാവിലെ എട്ടിന് നടത്താനിരുന്ന സംഗീതവിരുന്ന് മഴയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. കാണികളെ ചേർത്ത് സെൽഫിയുമെടുത്താണ് സ്റ്റീഫൻ ദേവസി മടങ്ങിയത്.
അണിനിരന്നത്
40 കലാരൂപങ്ങൾ
രണ്ട് വർഷത്തിനുശേഷമെത്തിയ അത്തച്ചമയത്തിന് മാറ്റുകൂട്ടാൻ 40 ഇനം കലാരൂപങ്ങളും ഇരുപതോളം നിശ്ചലദൃശ്യങ്ങളും അണിനിരന്നു. മഹാബലിയും പല്ലക്കും ആനയും കൗതുകമായി. കഥകളിവേഷം, മോഹിനിയാട്ടം, മേളം, തെയ്യം, മംഗലംകളി, രാമനാട്ടം, ദൂതൻ തിറ, കോഴി തെയ്യം, മുത്തപ്പൻ തെയ്യം, ഹനുമാൻ, ബൊമ്മ നൃത്തം, തമ്പോല നൃത്തം, ശിവൻ പാർവതി തെയ്യം, പുലികളി, വേലകളി, പടയണി, അരയന്നവേഷം, ആട്ടക്കാവടി, ശിങ്കാരിമേളം, തുള്ളൽ ത്രയം, മാവേലി, വാമനൻ, അർജുനനൃത്തം, മുടി കരിങ്കാളി, ശിവഭൂതനൃത്തം, തെയ്യം, ദേവനൃത്തം, അമ്മൻകുടം, മോഹിനിയാട്ടം, ഗരുഡൻതൂക്കം, കാളിനൃത്തം, കളരി മുറ, ശിങ്കാരിമേളം, യക്ഷഗാനം, മാരിതെയ്യം, പമ്പമേളം, ശ്രീകൃഷ്ണലീല, കൊട്ടക്കാവടി, ബാൻഡ് മേളം എന്നിവ ഘോഷയാത്രയ്ക്ക് പൊലിമയേകി. പ്രച്ഛന്നവേഷങ്ങളും അണിനിരന്നു.