ദുബായ്
ഏഷ്യാ കപ്പ് ട്വന്റി–-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി സൂപ്പർ ഫോറിൽ മുന്നേറാൻ ഇന്ത്യ. ഇന്ന് ഹോങ്കോങ്ങിനെ നേരിടും. വമ്പൻ ജയമാണ് രോഹിത് ശർമയുടെയും കൂട്ടരുടെയും ലക്ഷ്യം. പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി എത്തുന്നതിന്റെ ആത്മവിശ്വാസം ചെറുതല്ല. നിസ്ഖാത് ഖാനാണ് ഹോങ്കോങ്ങിനെ നയിക്കുന്നത്. യോഗ്യത കളിച്ചാണ് അവർ എത്തുന്നത്.
ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകില്ല. ലോകേഷ് രാഹുൽ–-രോഹിത് ഓപ്പണിങ് സഖ്യത്തിന് തെളിയാനുള്ള അവസരമാണിത്. ടോസ് നേടിയാൽ ബാറ്റിങ് തെരഞ്ഞെടുക്കാൻ സാധ്യതകളേറേ. ദിനേഷ് കാർത്തിക്കിന് സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. രവീന്ദ്ര ജഡേജ ആറാമനായേക്കും. മൂന്നാം ഏഷ്യാ കപ്പിനാണ് ഹോങ്കോങ് എത്തുന്നത്. 2008ലും 2018ലും കളിച്ചിരുന്നു. ബാറ്റിങ്ങിൽ ക്യാപ്റ്റൻ നിസ്ഖാതിനെ കൂടാതെ യാസിം മുർതാസ, ബാബർ ഹയാത് എന്നിവരാണ് കരുത്തർ. പേസർ എഹ്സാൻ ഖാനാണ് ബൗളിങ് നിര നയിക്കുന്നത്.