തിരുവനന്തപുരം
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് തീരശോഷണം സംബന്ധിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തീരശോഷണത്തിന് വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധമില്ല എന്നാണ് ഇതുവരെയുള്ള പഠനങ്ങൾ കാണിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി. സമിതിയോട് മൂന്നു മാസത്തിനകം ഇടക്കാല റിപ്പോർട്ട് തേടും. റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കും.
വിഴിഞ്ഞം തുറമുഖനിർമാണം പൂർത്തീകരണത്തിലേക്ക് എത്തുമ്പോൾ, അത് നിർത്തിവയ്ക്കണമെന്നതൊഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കുന്നതിൽ സർക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ മാത്രമല്ല, പ്രാദേശികമായുള്ള ആശങ്കകളും പ്രശ്നങ്ങളും പരിഗണിക്കും. മത്സ്യത്തൊഴിലാളികൾ ഏറെ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണെന്നതുകൊണ്ടാണ് തീരമേഖലയിലെ പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നത്. യാഥാർഥ്യം മനസ്സിലാക്കി ബന്ധപ്പെട്ടവർ സമരത്തിൽനിന്ന് പിന്തിരിയണം. അതിനവർ തയ്യാറാകുമെന്നാണ് പ്രതീക്ഷ. ഏഴ് ആവശ്യത്തിലാണ് സമരം. ഇതിൽ ഭൂരിഭാഗത്തിലും നടപടി എടുക്കുകയാണ്.
സമരം സർക്കാരും പൊലീസും സംയമനത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ഒരു തരത്തിലും സംഘർഷമുണ്ടാകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഏതുവിധേനയും സംഘർഷമുണ്ടാക്കണമെന്ന രീതിയിലുള്ള ഒരു വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ കാണാതിരിക്കാനാകില്ല. ചിലരുടെ പ്രവർത്തനം സദുദ്ദേശ്യത്തോടെയല്ലെന്നതും ചിലർക്കെങ്കിലും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതും വിസ്മരിക്കാനാകില്ല. നിർമാണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദേശിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ
മുതലെടുപ്പിനില്ല:
വി ഡി സതീശൻ
വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. വിഷയം തീർക്കണമെന്നേയുള്ളൂ. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.