തിരുവനന്തപുരം
മുനിസിപ്പൽ കണ്ടിൻജന്റ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ഉൾപ്പെടെ പരിഹരിക്കാനും തൊഴിൽ സാഹചര്യത്തിൽ മാറ്റംവരുത്താനും ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി വിശേഷാൽ ചട്ടം രൂപീകരിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ നിയമസഭയെ അറിയിച്ചു.
ആറായിരത്തിലധികം കണ്ടിൻജന്റ് ജീവനക്കാരുണ്ട്. കണ്ടിൻജന്റ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ അതാത് സമയം പരിഷ്കരിക്കാറുണ്ടെങ്കിലും തനതുഫണ്ടിന്റെ കുറവുകാരണം ചില നഗരസഭകളില്‍ ശമ്പളവും ആനുകൂല്യവും യഥാസമയം ലഭിക്കാത്ത സാഹചര്യമുണ്ട്. ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ തടസ്സമില്ല. പത്തുവർഷത്തിലേറെയായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ കോടതിവിധികൾക്ക് വിധേയമായി നടപടിയെടുക്കും.
2000 ഡിസംബർ 31വരെ ദിവസക്കൂലിയടിസ്ഥാനത്തിൽ നിയമിച്ചവരെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കി. തൊഴിലാളികള്‍ കുറവാണെങ്കിൽ അത്യാവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ നഗരകാര്യ ഡയറക്ടർക്ക് അനുമതി നൽകിയിട്ടുണ്ട്. എംപ്ലോയ്മെന്റ് വഴി നിയമിക്കപ്പെട്ട താൽക്കാലിക ജീവനക്കാരെ രാഷ്ട്രീയപ്രേരിതമായി പിരിച്ചുവിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉചിതമായ നിർദേശം നൽകുമെന്നും എൻ കെ അക്ബറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.