ന്യൂഡൽഹി
ബാബ്റി മസ്ജിദ് തകർത്തതില്‍ ഉത്തർപ്രദേശ് സർക്കാരിനും മറ്റ് കക്ഷികൾക്കും എതിരായ കോടതിഅലക്ഷ്യക്കേസ് നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് വഴിയൊരുക്കിയ 2019 നവംബറിലെ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിയോടെ വിഷയം അപ്രസക്തമായെന്ന് ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തൽസ്ഥിതി തുടരണമെന്ന 1992ലെ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാണ് ബാബ്റി മസ്ജിദ് തകർത്തത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ അന്നത്തെ യുപി സർക്കാരും ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്, യുപി സർക്കാരിനെതിരെ മുഹമദ് അസ്ലം കോടതിഅലക്ഷ്യഹർജി നൽകിയത്. മൂന്ന് പതിറ്റാണ്ടായി കേസ് കോടതിയുടെ പരിഗണനയിലാണ്.
2010ൽ ഹർജിക്കാരനായ മുഹമദ്അസ്ലം അന്തരിച്ചു. ഹർജിക്കാരന് പകരം അമിക്കസ്ക്യൂറിയെ ചുമതലപ്പെടുത്തി കേസ് മുന്നോട്ടുകൊണ്ടുപോകണമെന്ന് അഡ്വ. എം എം കശ്യപ് ആവശ്യപ്പെട്ടു. എന്നാൽ, ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, വിക്രംനാഥ് എന്നിവർ അംഗങ്ങളായ ബെഞ്ച് കേസ് നടപടികൾ അവസാനിപ്പിച്ചു.