തൃശൂർ
ക്ഷേത്രങ്ങൾ സർക്കാർ കൈയേറുന്നുവെന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ വി നന്ദകുമാർ. ക്ഷേത്ര വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനും ബോർഡിനുകീഴിലുള്ള ക്ഷേത്രങ്ങളെ വേർതിരിച്ച് കാണുന്നതിനും വേണ്ടി മാത്രമാണ് തെറ്റായ പ്രചാരണം ചില കേന്ദ്രങ്ങൾ നടത്തുന്നത്.
സാമ്പത്തിക പരാധീനതമൂലം ക്ഷേത്രത്തിലെ ചടങ്ങുകൾപോലും നിർവഹിക്കുന്നതിന് ബുദ്ധിമുട്ടിയ മൂന്ന് ക്ഷേത്രങ്ങൾ 2019ൽ കൊച്ചിൻ ദേവസ്വം ബോർഡ് ഏറ്റെടുത്തിരുന്നു. മേലഡൂർ പ്രദേശത്തെ കീഴഡൂർ, മംഗലം തൃക്കോവ്, ചക്കംകുളങ്ങര ക്ഷേത്രങ്ങളാണ് വിശ്വാസികളുടെയും നാട്ടുകാരുടേയും ആവശ്യപ്രകാരം ഏറ്റെടുത്തത്. വരുമാനം വളരെ തുച്ഛമായ ഈ ക്ഷേത്രങ്ങളിലെ നിത്യനിദാനച്ചടങ്ങുകൾക്കും ജീവനക്കാരുടെ ശമ്പളത്തിനുള്ള സംഖ്യയും ബോർഡിൽനിന്നാണ് അനുവദിക്കുന്നത്.കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം നിത്യനിദാനം അടക്കമുള്ള ആവശ്യങ്ങൾക്കും ഭക്തജനങ്ങളുടെ സൗകര്യങ്ങൾക്കും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.
സർക്കാർ ഒരുവിധത്തിലും ക്ഷേത്രസ്വത്തുക്കളിലും വരുമാനത്തിലും ഇടപെട്ടിട്ടില്ല. 2018–- 19 വർഷങ്ങളിലെ പ്രളയം, കോവിഡ് മഹാമാരി എന്നീ പ്രതിസന്ധിഘട്ടങ്ങളിൽ ക്ഷേത്രങ്ങൾ മാസങ്ങളോളം അടച്ചിട്ടതിനെ തുടർന്ന് വരുമാനം തീർത്തും നിലച്ചുപോയ സന്ദർഭത്തിൽ സർക്കാരിൽനിന്നും അനുവദിച്ച 25 കോടി രൂപയാണ് കൊച്ചിൻ ദേവസ്വം ബോർഡിന് സഹായകമായത്. മാത്രമല്ല കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് സർക്കാരിൽനിന്നും കോടിക്കണക്കിന് രൂപ വർഷങ്ങളായി അനുവദിക്കുനുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ക്ഷേത്രങ്ങൾ നവീകരിക്കുക, ക്ഷേത്രങ്ങളിലെ ആൽത്തറകൾ കെട്ടുക തുടങ്ങിയവ സർക്കാർ സാമ്പത്തിക സഹായത്തോടെ നടത്താറുണ്ട്.
ക്ഷേത്രങ്ങളിലേയും മറ്റും വരുമാനം ഗ്രൂപ്പ് ഡെവലപ്പ്മെന്റ് ഫണ്ട് (ജിഡിഎഫ്) എന്ന കേന്ദ്രീകൃത എക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ഈ ഫണ്ടിൽനിന്നുമാണ് ക്ഷേത്രങ്ങളിലെ നിത്യനിദാനച്ചടങ്ങുകൾക്കും ജീവനക്കാരുടെ ശമ്പളത്തിനും മറ്റും ഫണ്ട് അനുവദിക്കുന്നത്. ദേവസ്വം ഫണ്ടുകൾ കൈകാര്യം ചെയ്യാൻ സർക്കാരിന് ഒരു അധികാരവും ഇല്ല. പരമോന്നത കോടതിയിലെ ജസ്റ്റിസ് പദവി അലങ്കരിച്ചിരുന്നയാൾ തെറ്റായ പ്രചാരണം നടത്തുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.