തിരുവനന്തപുരം> നിയമസഭയിലും പ്രതിപക്ഷ നേതാവിന് അസഹിഷ്ണുത. കേരള ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ക്രുദ്ധനായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചെയറിനുനേരെ തട്ടിക്കയറി. ബില്ലിൽ വിയോജിച്ച് സംസാരിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് നടത്തിയ ചില പരാമർശങ്ങളിലെ അനൗചിത്യം ഭരണപക്ഷത്തെ ഒന്നുരണ്ട് അംഗങ്ങൾ ചുണ്ടിക്കാട്ടാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷ നേതാവ് അവരോട് ക്രുദ്ധനായി. തുടർന്ന് ചെയറിലിരുന്ന എം നൗഷാദ് ഇടപെട്ടു.
ചെയറിനെ നോക്കി സംസാരിക്കാൻ പ്രതിപക്ഷനേതാവിനോട് അഭ്യർഥിച്ചു. ഇത് അദ്ദേഹത്തെ കൂടുതൽ പ്രകോപിതനാക്കി. ചെയറിനോടും തർക്കിച്ചു. എവിടെ നോക്കി പറയണമെന്ന് താൻ തീരുമാനിക്കുമെന്നായി. ഇതിൽ ഭീഷണിയുടെ സ്വരമുണ്ടെന്നത് ചെയറും ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷ പിൻനിരക്കാർ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലെത്തി. ഇതിനെതിരെ ഭരണപക്ഷത്തുനിന്നും പ്രതിഷേധമുയർന്നു. തുടർന്ന് ചെയർ ഇടപെട്ട് ഇരുഭാഗത്തെയും ശാന്തരാക്കി. കഴിഞ്ഞകുറേക്കാലമായി വാർത്താസമ്മേളനങ്ങളിലടക്കം മാധ്യമ പ്രവർത്തകരോടും പ്രതിപക്ഷ നേതാവ് അസഹിഷ്ണുത കാട്ടാറാണ് പതിവ്.