തിരുവനന്തപുരം> ദേശീയ വിദ്യാഭ്യാസ നയരേഖ ഫെഡറൽ തത്വങ്ങൾ ദുർബലപ്പെടുത്തി അമിത കേന്ദ്രീകരണത്തിന് വഴിവയ്ക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നയം സ്വകാര്യ, വർഗീയവൽക്കരണത്തിന് ഇടവരുത്തുന്നതാണ്. ഇത് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ആശങ്ക അറിയിച്ചുള്ള പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയിരുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽ പ്രധാനം ഭരണഘടന മുന്നോട്ടുവച്ച സ്വാതന്ത്ര്യവും പരമാധികാരവും മതനിരപേക്ഷതയും ജനാധിപത്യവും സ്ഥിതിസമത്വവും അരക്കിട്ടുറപ്പിക്കാൻ കരുത്തുള്ള സമൂഹനിർമിതിയാണ്. ജനകീയ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും കേരളത്തിന്റേതായ തനത് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കാനുള്ള പ്രവർത്തനം ആരംഭിച്ചതായും ആബിദ് ഹുസൈൻ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.