തിരുവനന്തപുരം> റാബീസ് ഫ്രീ പദ്ധതി പ്രകാരം 2021ൽ സംസ്ഥാനത്ത് 1,27,128 നായകളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തതായി മന്ത്രി ജെ ചിഞ്ചുറാണി. തദ്ദേശവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 2021ൽ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വിനിയോഗിച്ച് കൊല്ലം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ 18,550 തെരുവുനായകളെ വന്ധീകരിച്ചു. ഇത് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള എബിസി (അനിമൽ ബെർത്ത് കൺട്രോൾ) സെന്ററുകൾ കൂടുതൽ കാര്യക്ഷമമാക്കും. തെരുവ് നായകളുടെ പുനരധിവാസത്തിനായി ദത്തെടുക്കൽ ക്യാമ്പുകൾ രൂപീകരിക്കുന്നത് തദ്ദേശവകുപ്പിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. 2017മുതൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് എബിസി പദ്ധതി നടപ്പാക്കിവന്നത്. ഇത് ഹൈക്കോടതി തടഞ്ഞതോടെ പദ്ധതി നിന്നുപോയിരുന്നു.