കൊച്ചി> നിയമം ലംഘിച്ച ബോട്ടുകൾക്ക് 10 ലക്ഷം രൂപ പിഴയിളവ് നൽകിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ഫിഷറീസ് വകുപ്പിൽ വീണ്ടും നിയമനം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് അപേക്ഷ നൽകി. പൊലീസിൽ ഡിവൈഎസ്പിയായി സ്ഥലംമാറ്റം ലഭിച്ചയാളെയാണ് ഫിഷറീസിൽ ചീഫ് ഗാർഡായി കൊണ്ടുവരാൻ ചില ഉദ്യോഗസ്ഥർ നീക്കം നടത്തുന്നത്.
വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥനായിരിക്കെ ആറ് ബോട്ടുകൾക്ക് 10 ലക്ഷം രൂപ പിഴയിളവ് നൽകിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള പരാതി. ക്രമക്കേട് കണ്ടെത്തിയ ബോട്ടുകൾക്ക് മതിയായ പിഴ ചുമത്താതെ സർക്കാരിന് 10,17,500 രൂപ നഷ്ടംവരുത്തിയെന്ന് അഴീക്കോട് സ്വദേശിയാണ് പരാതി നൽകിയത്. ഇത് മുഖ്യമന്ത്രിയുടെ പരിഗണനയിലിരിക്കെയാണ് ഉദ്യോഗസ്ഥൻ പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയത്.
2019, 2020, 2021 കാലയളവിൽ വൈപ്പിൻ അഴീക്കൽ ഫിഷറീസ് സ്റ്റേഷൻ എൻഫോഴ്സ്മെന്റ് പിടികൂടിയ ലേഡി ഓഫ് ഹെവൻ, ഗംഗ, സെന്റ് ജയിംസ്, സാഗർ റാണി, ആരോഗ്യ അണ്ണൈ നാല്, സയ്യാദ് ഹിബത്തുള്ള എന്നീ ബോട്ടുകൾക്കാണ് പിഴയിനത്തിൽ ഇളവ് നൽകിയത്. ആറ് ബോട്ടിലും മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. നിയമപ്രകാരം 11.9 ലക്ഷം രൂപ പിഴ ഈടാക്കണം. പക്ഷേ, ലഘുവായ കുറ്റംചുമത്തി ഓരോ ബോട്ടിനും 28,750 രൂപവീതം പിഴയടപ്പിച്ച് വിട്ടയച്ചു.
പരാതി ഉയർന്നതോടെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ വിശദീകരണത്തിൽ പരസ്പരവിരുദ്ധമായ മറുപടികളാണ് ഉദ്യോഗസ്ഥൻ നൽകിയത്. ഗംഗ ബോട്ടിന് പിഴ ചുമത്താത്തത് രജിസ്ട്രേഷൻ, പെർമിറ്റ്, ലൈസൻസ് എന്നിവയ്ക്കുവേണ്ടി ഫിഷറീസിൽ അപേക്ഷ നൽകിയതുകൊണ്ടാണെന്നാണ് വിശദീകരണം. മറ്റ് ബോട്ടുകൾക്ക് പിഴ ചുമത്താത്തത് ഇവയുടെ പെർമിറ്റും ലൈസൻസും പുതുക്കാനുള്ള തർക്കം നിലനിൽക്കുന്നതുമൂലമാണെന്നും മറുപടിയിലുണ്ട്. എന്നാൽ, ഗംഗ ബോട്ടുടമ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ അപേക്ഷ നൽകിയിട്ടില്ലെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.