ന്യൂഡൽഹി> നിയമവിരുദ്ധ സോഫ്റ്റ്വെയറുകളിലൂടെ വ്യാജ വിലാസങ്ങളിൽ ഓൺലൈനിൽ റെയിൽവേ ടിക്കറ്റുകൾ എടുത്ത് കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്ന സംഘത്തിലെ ആറുപേർ റെയിൽവേ സംരക്ഷണസേന (ആർപിഎഫ്)യുടെ പിടിയിൽ. ഇവരിൽനിന്ന് 43 ലക്ഷം രൂപയുടെ 1688 ടിക്കറ്റും പിടിച്ചു. ഇതിനകം 28.14 കോടി രൂപയുടെ ടിക്കറ്റുകൾ ഇവർ കരിഞ്ചന്തയിൽ വിറ്റെന്നു കണ്ടെത്തി.
ഗുജറാത്തിലെ രാജ്കോട്ടിൽ ട്രാവൽ ഏജന്റായ മന്നൻ വഗേല, മുംബൈ സ്വദേശികളായ കൻഹയ്യ ഗിരി, അമൻകുമാർ ശർമ, ഗുജറാത്ത് വൽസദ് സ്വദേശി വീരേന്ദ്ര ഗുപ്ത, വാപി സ്വദേശി അഭിഷേക് ശർമ, യുപി സുൽത്താൻപുർ സ്വദേശി അഭിഷേക് തിവാരി എന്നിവരാണ് പിടിയിലായത്.
ഐആർസിടിസി വെബ്സൈറ്റിലെ നിയന്ത്രണങ്ങൾ മറികടക്കാൻ വ്യാജ ഐപി വിലാസങ്ങൾ സൃഷ്ടിച്ചാണ് സംഘം ടിക്കറ്റുകൾ വൻതോതിൽ എടുത്തത്.