തേഞ്ഞിപ്പലം> കലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സംസ്ഥാന യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം ഏഴ് റെക്കോഡുകൾ. 25 ഇനങ്ങൾ പൂർത്തിയായപ്പോൾ 120 പോയിന്റുമായി പാലക്കാട് മുന്നിട്ടുനിൽക്കുന്നു. കോഴിക്കോട് (107.5) രണ്ടാമതും എറണാകുളം (70) മൂന്നാമതുമാണ്.
100 മീറ്ററിൽ റെക്കോഡോടെ പാലക്കാടിന്റെ എസ് മേഘ (12.23 സെ.)യും ആലപ്പുഴയുടെ ആഷ്ലിൻ അലക്സാണ്ടറും(10.83 സെ.) വേഗതാരങ്ങളായത്. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോട് ചെറുവത്തൂർ കെ സി ത്രോസ് അക്കാദമിയുടെ അഖില രാജു (14.27 മീറ്റർ), പോൾവോൾട്ടിൽ എറണാകുളത്തിന്റെ ബിബിൻ സിജു(3.81 മീറ്റർ), ജാവലിൻ ത്രോയിൽ പാലക്കാടിന്റെ മണിപ്പൂരി താരം മുഹമ്മദ് സഹിൽ (56.18 മീറ്റർ), ഹാമർ ത്രോയിൽ പാലക്കാടിന്റെ എം നിരഞ്ജൻ (53.16 മീറ്റർ) എന്നിവർ റെക്കോഡിട്ടു. മെഡ്-ലെ റിലേയിൽ കോട്ടയം ജില്ലാ ടീമും റെക്കോഡ് കുറിച്ചു. മീറ്റ് ഇന്ന് സമാപിക്കും.