മാഡ്രിഡ്> സ്പാനിഷ് ലീഗിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെയും കരിം ബെൻസെമയുടെയും ഗോളടി. ലെവൻഡോവ്സ്കിയുടെ ഇരട്ടഗോളിൽ ബാഴ്സലോണ റയൽ വല്ലാഡോളിഡിനെ 4–0ന് തകർത്തു. കരിം ബെൻസെമ റയലിനായും ഇരട്ടഗോൾ നേടി. എസ്പാന്യോളിനെതിരെ അവസാനനിമിഷം നേടിയ രണ്ട് ഗോളിൽ, ബെൻസെമ റയലിന് 3–1ന്റെ ജയമൊരുക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ലെവൻഡോവ്സ്കി ബാഴ്സയ്ക്കായി ഇരട്ടഗോൾ നേടുന്നത്. വല്ലാഡോളിഡിനെതിരെ കളിതുടങ്ങി അരമണിക്കൂറിനുള്ളിൽ പോളണ്ടുകാരൻ ലക്ഷ്യംകണ്ടു. റഫീന്യയുടെ ക്രോസിൽനിന്നായിരുന്നു ഗോൾ. തൊട്ടുമുമ്പ് ലെവൻഡോവ്സ്കിയുടെ ഹെഡർ പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. രണ്ടാംപകുതിയിൽ പെഡ്രി ബാഴ്സയുടെ രണ്ടാംഗോൾ നേടി. പിന്നാലെ ലെവൻഡോവ്സ്കി വീണ്ടും വല കുലുക്കി. സെർജി റോബർട്ടോയാണ് അവസരമൊരുക്കിയത്. കളിയുടെ അവസാന നിമിഷം റോബർട്ടോ ബാഴ്സയുടെ ജയം പൂർത്തിയാക്കുകയും ചെയ്തു.
എസ്പാന്യോളുമായി സമനിലയിലേക്ക് നീങ്ങിയ റയലിനെ അവസാന നിമിഷം ബെൻസെമ കെെപിടിച്ച് ഉയർത്തുകയായിരുന്നു. 88–ാംമിനിറ്റിലായിരുന്നു ബെൻസെമയുടെ വിജയഗോൾ. പരിക്കുസമയത്ത് പട്ടിക പൂർത്തിയാക്കി.വിനീഷ്യസ് ജൂനിയറിലൂടെ മുന്നിലെത്തിയ റയലിനെ ജൊസേലുവിന്റെ ഗോളിലാണ് എസ്പാന്യോൾ സമനിലയിൽ പിടിച്ചത്. എന്നാൽ, കളിയുടെ അവസാനഘട്ടങ്ങളിൽ അവർക്ക് റയലിന്റെ കടുത്ത ആക്രമണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. മൂന്നുകളിയും ജയിച്ച് റയലാണ് ഒന്നാമത്. ഏഴ് പോയിന്റുള്ള ബാഴ്സ മൂന്നാമത് നിൽക്കുന്നു. റയൽ ബെറ്റിസാണ് രണ്ടാമത്.