ദുബായ്> ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ നേടിയ ജയത്തിൽ നിർണായകമായത് ബാറ്റിങ് ക്രമത്തിലെ മാറ്റം. പ്രത്യേകിച്ചും ഇടംകെെയൻ ബാറ്റർ രവീന്ദ്ര ജഡേജയെ നാലാംനമ്പറിൽ ഇറക്കിയ തീരുമാനം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 10–-ാംഓവറിൽ എത്തിയ ജഡേജ അവസാന ഓവറിലായിരുന്നു പുറത്തായത്. രണ്ടു നിർണായക കൂട്ടുകെട്ടുകളുമുണ്ടാക്കി.ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും ഭുവനേശ്വർ കുമാറിന്റെ മികച്ച ബൗളിങ് പ്രകടനവുമാണ് ആവേശകരമായ കളിയിൽ ഇന്ത്യക്ക് ജയം നൽകിയത്. മറ്റൊരു ഘടകം ജഡേജയുടെ ഇന്നിങ്സാണ്.
ഇന്ത്യൻ ടീമിലെ ഏക ഇടംകെെയൻ ബാറ്ററായിരുന്നു ഈ ഓൾറൗണ്ടർ. പാകിസ്ഥാന്റെ ഇടംകെെയൻ സ്പിന്നർ മുഹമ്മദ് നവാസിലൂടെ പാകിസ്ഥാൻ കളി പിടിക്കുന്ന ഘട്ടത്തിലായിരുന്നു ജഡേജ ക്രീസിലെത്തിയത്. രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും പുറത്താക്കിയ നവാസിനെ സിക്സറിലൂടെ ജഡേജ വരവേറ്റു. അടുത്ത ഓവറിൽ ഫോറും പായിച്ചു. പിന്നീട് നവാസ് പന്തെറിയാനെത്തിയത് അവസാന ഓവറിലായിരുന്നു. ഇടംകെെയൻ സ്പിന്നർക്കെതിരെ ഇടംകെെയൻ ബാറ്റർ എത്തിയതോടെയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം നവാസിനെ പിൻവലിക്കുന്നത്. 20–-ാംഓവറിലെ ആദ്യപന്തിൽ ജഡേജയെ ബൗൾഡാക്കിയെങ്കിലും പാണ്ഡ്യയുടെ മുന്നിൽ നവാസിന് ഉത്തരമുണ്ടായില്ല. രണ്ടു പന്ത് ശേഷിക്കെ പാക് സ്പിന്നറെ സിക്സർ പായിച്ചാണ് പാണ്ഡ്യ ഇന്ത്യൻ ജയം പൂർത്തിയാക്കിയത്.
ജഡേജ 29 പന്തിൽ 35 റണ്ണെടുത്തു. സൂര്യകുമാർ യാദവുമായും പാണ്ഡ്യയുമായും നിർണായക കൂട്ടുകെട്ടുകളും സൃഷ്ടിച്ചു. രണ്ട് സിക്സറും രണ്ട് ഫോറും. 17 പന്തിൽ 33 റണ്ണുമായി പുറത്താകാതെ നിന്ന പാണ്ഡ്യ ഒരു സിക്സറും നാല് ഫോറുമാണ് പായിച്ചത്. നാളെ ഹോങ്കോങ്ങുമായാണ് ഇന്ത്യയുടെ അടുത്തമത്സരം.