ന്യൂഡൽഹി> രാജ്യത്തിന് അഞ്ച് തലസ്ഥാനം വേണമെന്ന വിചിത്രനിർദേശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ. അഞ്ച് സോണിലായി തലസ്ഥാനം അനുവദിക്കുന്നതിലൂടെ പ്രാദേശിക അസമത്വം അവസാനിപ്പിക്കാമെന്നാണ് വാദം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ട്വിറ്റർ യുദ്ധം തുടരുന്നതിന്റെ ഭാഗമായാണ് പരാമർശം. പത്താം ക്ലാസിൽ ഒരു വിദ്യാർഥിപോലും ജയിക്കാത്തതിനെ തുടർന്ന് അസമിൽ സ്കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് ട്വിറ്ററിൽ ഇരു മുഖ്യമന്ത്രിമാരും പോര് തുടങ്ങിയത്.