പാലക്കാട് > സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം എസ് ഷാജഹാനെ കൊലപ്പെടുത്താൻ ആർഎസ്എസ് പ്രവർത്തകർ ഒരു മാസത്തോളം ഗൂഢാലോചന നടത്തി. പ്രതികളെ ചൊദ്യം ചെയ്തതിൽനിന്ന് പൊലീസിന് ലഭിച്ച വിവരമാണിത്. ആഗസ്ത് 14ന് ഷാജഹാനെ ആൾത്തിരക്കില്ലാതെ ലഭിച്ചപ്പോൾ പദ്ധതി നടപ്പാക്കി. രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് കൊലപാതകമെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷക സംഘം 90 ദിവസത്തിനകം കുറ്റപത്രം നൽകും. ഗുഢാലോചനയുടെ എല്ലാവശവും പരിശോധിച്ചാവും കുറ്റപത്രം തയ്യാറാക്കുക. കസ്റ്റഡിയിൽ വാങ്ങിയ ആർഎസ്എസ് പ്രവർത്തകരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാർഥൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു.
ആർഎസ്എസ് മുൻ മുഖ്യ ശിക്ഷകാണ് ആവാസ്. സിദ്ധാർഥൻ ആർഎസ്എസിന്റെ സജീവ പ്രവർത്തകനും. കേസിൽ നിലവിൽ 12 പേരെയാണ് അറസ്റ്റ് ചെയ്തത്.
പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.