കൊല്ലം > ക്രമസമാധാന പ്രശ്നമുണ്ടാക്കി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ആർഎസ്എസ് അജന്ഡ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ആർഎസ്എസ് ആക്രമണത്തിനെതിരെ 31ന് തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും.
തുടർച്ചയായി വിദ്വേഷ പ്രചാരണങ്ങളും വർഗീയ പരാമർശങ്ങളും ഇതരമത വിശ്വാസികൾക്കും ഇടതുപക്ഷപ്രവർത്തകർക്കും എതിരായ ആക്രമണങ്ങളും നടത്തി കേരളത്തിന്റെ ക്രമസമാധാനം തകർന്നെന്ന് വരുത്തിതീർക്കാനാണ് ശ്രമം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ വി അനൂപ് ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ നേതാക്കളെ ആക്രമിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചു.
തുടർച്ചയായി ആക്രമണം സംഘടിപ്പിച്ച് കേരളത്തെ സംഘർഷഭൂമിയാക്കാനുള്ള ആർഎസ്എസ് ശ്രമങ്ങൾ ജനാധിപത്യ സമൂഹം തിരിച്ചറിയും. യുവജനങ്ങളെ അണിനിരത്തി ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും വി കെ സനോജ് പറഞ്ഞു. കൊല്ലം യൂത്ത് സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു, ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ്, സെക്രട്ടറി ശ്യാം മോഹൻ, ട്രഷറർ എസ് ഷബീർ എന്നിവർ പങ്കെടുത്തു.