ദുബായ് > മധ്യവേനലവധിക്ക് അടച്ചിട്ട വിദ്യാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും. ജൂലൈ രണ്ടു മുതലാണ് മധ്യവേനൽ അവധിക്കായി സ്കൂളുകൾ അടച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വന്നതുമൂലം ഓൺലൈൻ ക്ലാസുകൾക്ക് പകരം വിദ്യാലയങ്ങളിലെത്തി പഠിക്കാനുള്ള അവസരം കുട്ടികളെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. പഠനത്തോടൊപ്പം കൂട്ടുകാരെ നേരിൽ കാണുവാനും, അവരുമൊത്തുള്ള കലാ, കായിക, വിനോദ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അതുവഴി കോവിഡ് പൂർവ്വകാലത്തെ സ്ഥിതിയിലേക്ക് എത്തുവാനും കഴിയുന്ന ഉത്സവ ഭരിതമായ വിദ്യാഭ്യാസ അന്തരീക്ഷം മനസ്സിൽ നിറച്ചു കൊണ്ടാണ് കുട്ടികൾ ഇത്തവണ ക്ലാസ് മുറികളിൽ എത്തുക.
വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂളുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളും, അണുനശീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി ക്ലാസ് മുറികൾ എല്ലാം സജ്ജമായി കഴിഞ്ഞു. സ്കൂൾ ജീവനക്കാരും, 12 വയസ്സിനു മുകളിൽ ഉള്ള വിദ്യാർത്ഥികളും ആദ്യദിനം സ്കൂളിൽ എത്തുമ്പോൾ 96 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ ഫലം ഹാജരാക്കണം. എന്നാൽ ദുബായിലെ സ്കൂളുകളിൽ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. അടച്ചിട്ട ക്ലാസ് മുറികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ചെറിയ കുട്ടികൾക്കും, കലാകായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്കും മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളായി നാട്ടിലേക്ക് പോകാതിരുന്ന പലരും, ബന്ധുക്കളും കുടുംബങ്ങളുമൊത്ത് നാട്ടിൽ ചിലവഴിച്ചതിനുശേഷമാണ് ഇത്തവണ മടങ്ങിയെത്തുന്നത്. ടിക്കറ്റ് നിരക്കിൽ ഉണ്ടായ ഭീമമായ വർദ്ധനവ് മൂലം നേരിട്ട് യാത്രചെയ്യാൻ കഴിയാതെ പല കുടുംബങ്ങളും വിഷമിക്കുന്നുണ്ട്. ടിക്കറ്റ് ചാർജ് ലാഭിക്കുന്നതിനു വേണ്ടി കണക്ഷൻ ഫ്ലൈറ്റുകൾ മുഖേനയും ഇപ്പോൾ നിരവധി കുടുംബങ്ങൾ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇനി ഒരാഴ്ച കൂടിയേ ഓണത്തിന് ഉള്ളൂ എന്നതിനാൽ ഓണം കഴിയാനും പലരും കാത്തിരിക്കുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ഓണം കഴിയുന്നതു വരെ ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.