ദുബായ്
പത്തൊമ്പതുകാരൻ നസീം ഷായുടെ പന്തുകൾ അതിജീവിച്ച ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഓൾറൗണ്ട് പ്രകടനവുമായി ഹാർദിക് പാണ്ഡ്യയാണ് വിജയമൊരുക്കിയത്. മൂന്ന് വിക്കറ്റെടുത്ത പാണ്ഡ്യ 17 പന്തിൽ 33 റണ്ണെടുത്ത് പുറത്താകാതെനിന്നു. രവീന്ദ്ര ജഡേജ 29 പന്തിൽ 35 റണ്ണുമായി പിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 52 റൺ വിജയത്തിൽ നിർണായകമായി.
സ്കോർ: പാകിസ്ഥാൻ 147 (19.5), ഇന്ത്യ 5–148 (19.4)
അവസാന ഓവറിൽ ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാൻ ഏഴ് റൺ വേണ്ടിയിരുന്നു. ആദ്യ പന്തിൽ സ്പിന്നർ മുഹമ്മദ് നവാസ് ജഡേജയെ ബൗൾഡാക്കി. അടുത്ത പന്തിൽ ദിനേഷ് കാർത്തിക് ഒരു റൺ. മൂന്നാം പന്തിൽ പാണ്ഡ്യക്ക് റണ്ണെടുക്കാനായില്ല. നാലാം പന്തിൽ സിക്സറടിച്ച് പാണ്ഡ്യ ഓൾറൗണ്ട് വിജയം പൂർത്തിയാക്കി.
2018 ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റ് സ്ട്രക്ചറിലാണ് മടങ്ങിയിരുന്നത്. നാലുവർഷത്തെ ഇടവേളയ്ക്കുശേഷമുള്ള തിരിച്ചുവരവ് ഇരുപത്തെട്ടുകാരൻ ആഘോഷമാക്കി. അരങ്ങേറ്റത്തിൽ രണ്ട് വിക്കറ്റെടുത്ത പേസർ നസീം ഷാ ഇന്ത്യയെ തുടക്കത്തിൽ വിറപ്പിച്ചു. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ നസീം ഷാ പാക് പേസർമാരുടെ സുവർണകാലം ഓർമിപ്പിച്ചു. ആദ്യഓവറിൽ റണ്ണെടുക്കുംമുമ്പ് ഓപ്പണർ കെ എൽ രാഹുലിന്റെ കുറ്റിപിഴുതു. അതേഓവറിൽ വിരാട് കോഹ്ലിയെ പുറത്താക്കാനുള്ള അവസരം ഫഖർ സമാൻ നിലത്തിട്ടു. നൂറാമത്തെ മത്സരത്തിനിറങ്ങിയ കോഹ്ലി 34 പന്തിൽ 35 റണ്ണെടുത്തു. സൂര്യകുമാർ യാദവിന്റെ (18) വിക്കറ്റും നസീം ഷായ്ക്കാണ്. രോഹിത് ശർമയെയും (12) കോഹ്ലിയെയും നവാസ് വീഴ്ത്തി.
നാല് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറിന്റെയും പാണ്ഡ്യയുടെയും പന്തുകളാണ് പാകിസ്ഥാനെ തളച്ചത്. അർഷ്ദീപ് സിങ്ങിന് രണ്ട് വിക്കറ്റുമുണ്ട്. മുഹമ്മദ് റിസ്വാനാണ് (42 പന്തിൽ 43) പാകിസ്ഥാന്റെ ഉയർന്ന സ്–കോറർ.ബാബർ അസം (10) –-റിസ്വാൻ ഓപ്പണിങ് കൂട്ടുകെട്ടിനെ തുടക്കത്തിലേ പൊളിച്ചതാണ് ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. ഫഖർ സമാനും (10) തിളങ്ങാനായില്ല. ഇഫ്തിക്കർ അഹമ്മദ് (22 പന്തിൽ 28) വമ്പനടിക്ക് ശ്രമിച്ചെങ്കിലും ഹാർദിക് മടക്കി.
ഖുഷ്ദിൽ ഷാ (2), ഷദാബ് ഖാൻ (10), ആസിഫ് അലി (9) എന്നിവരും പ്രതീക്ഷ കാത്തില്ല. ഷദാബിനെയും നസീമിനെയും (0) തൊട്ടടുത്ത പന്തിൽ മടക്കി ഭുവനേശ്വർ ഹാട്രിക്കിന് അരികിലെത്തി. അവസാന വിക്കറ്റിൽ ഷാനവാസ് ദഹാനിയും (6 പന്തിൽ 16) ഹാരിസ് റൗഫും (7 പന്തിൽ 13) ചേർന്ന് നടത്തിയ മിന്നലാക്രമണമാണ് പാകിസ്ഥാനെ രക്ഷിച്ചത്.
ഒക്ടോബറിൽ അരങ്ങേറുന്ന ലോകകപ്പ് മനസ്സിൽക്കണ്ടാണ് ഇന്ത്യ ടീമിനെ അണിനിരത്തിയത്. ഋഷഭ് പന്തിനുപകരം വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക് ഇടംപിടിച്ചു. ഫിനിഷർ എന്ന പരിഗണന കാർത്തിക്കിനെ തുണച്ചു. ഇന്ത്യയുടെ അടുത്ത മത്സരം 31ന് ഹോങ്കോങ്ങുമായാണ്. പാകിസ്ഥാന് സെപ്തംബർ രണ്ടിനാണ് കളി.