തിരുവനന്തപുരം
ഓണത്തിന് സ്പെഷ്യൽ അലോട്ട്മെന്റ് അരി അനുവദിക്കാതെ കേന്ദ്രസർക്കാർ. ജൂലൈയിൽ കേന്ദ്രഭക്ഷ്യ പൊതുവിതരണമന്ത്രി പീയുഷ് ഗോയലിനെ നേരിൽക്കണ്ട് ഭക്ഷ്യമന്ത്രി ജി ആർ അനിൽ സംസ്ഥാനത്തിന്റെ ആവശ്യം അറിയിച്ചിരുന്നു. 50,000 മെട്രിക് അരിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. സ്പെഷ്യൽ അലോട്ട്മെന്റ് ലഭിച്ചാൽ റേഷൻ കാർഡ് ഒന്നിന് പത്തുകിലോ പുഴുക്കലരി വീതം നൽകാമെന്നായിരുന്നു പ്രതീക്ഷ. അരി അനുവദിക്കാമെന്ന് കേന്ദ്രം അന്ന് ഉറപ്പുനൽകി. എന്നാൽ, പിന്നീട് തീരുമാനം മാറ്റി.
ആവശ്യമെങ്കിൽ എഫ്സിഐയിൽനിന്ന് കിലോയ്ക്ക് കുറഞ്ഞ താങ്ങുവിലയായ 22 രൂപയ്ക്ക് അരി നൽകാമെന്നാണ് ഇപ്പോൾ കേന്ദ്രം അറിയിച്ചത്. എന്നാൽ, എഫ്സിഐയിൽനിന്ന് അധിക വില നൽകി അരി വാങ്ങി കുറഞ്ഞ വിലയ്ക്ക് കൊടുക്കേണ്ടിവരുന്നത് വലിയ ബാധ്യതയുണ്ടാക്കും. സംസ്ഥാനങ്ങൾക്ക് ഉത്സവസീസണിൽ വലിയ ഇളവുകൾ നൽകുന്ന കേന്ദ്രസർക്കാർ മറ്റുവിഷയത്തിൽ കാണിക്കുന്ന വിവേചനം അരി അനുവദിക്കുന്നതിലും കാണിക്കുകയാണ്.
നിലവിൽ മഞ്ഞ കാർഡുകാർക്ക് ഒഴികെ മറ്റുള്ളവർക്ക് അഞ്ച് കിലോ വീതം പുഴുക്കലരിയും പച്ചരിയും സംസ്ഥാനം നൽകുന്നുണ്ട്. മഞ്ഞ കാർഡുകാർക്ക് ഒരുകിലോ പഞ്ചസാരയും അധികമായി നൽകുന്നു. മുൻഗണനാ വിഭാഗത്തിനുമാത്രമാണ് കേന്ദ്രം സൗജന്യ റേഷൻ അനുവദിക്കുന്നത്.
92 ലക്ഷം കാർഡുടമകൾക്ക് സംസ്ഥാനം ഓണത്തിന് സൗജന്യ ഓണക്കിറ്റ് നൽകുന്നു. 423 കോടിയോളം രൂപയാണ് ഇതിനായി ചെലവിടുന്നത്.