ദുബായ്
ട്വന്റി–20യിൽ അടിമുടി മാറാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യൻ ടീം. നിരവധി കളിക്കാരെ പരീക്ഷിച്ചും ബാറ്റിങ് രീതിയിൽ മാറ്റംവരുത്തിയും ഇന്ത്യ ഒരുങ്ങി. ഏഷ്യാകപ്പ് അതുതെളിയിക്കാനുള്ള വേദിയാണ്. ലോകകപ്പിലേക്കുള്ള ഒരുക്കങ്ങളുടെ ഗതി മനസ്സിലാക്കാനുള്ള ഇടം. ഇന്ന് പാകിസ്ഥാനുമായാണ് ഇന്ത്യയുടെ കളി. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.
കഴിഞ്ഞ ട്വന്റി–20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി മുഖാമുഖം എത്തിയത്. അന്ന് ഷഹീൻ അഫ്രീദി എന്ന ഇടംകെെയൻ പേസറുടെ തന്ത്രങ്ങൾക്കുമുന്നിൽ ഇന്ത്യൻ ബാറ്റർമാർ വീണു. പാകിസ്ഥാൻ 10 വിക്കറ്റിന് ജയിച്ചു. ശേഷം, ബാബർ അസമിനുകീഴിൽ പാകിസ്ഥാൻ ഏറെ മുന്നേറി. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം തുടർ പരമ്പരകളും നേടി.
വെള്ളപ്പന്ത് ക്രിക്കറ്റിൽ ഏറെക്കാലമായി രോഹിതും വിരാട് കോഹ്ലിയുമായാണ് ഇന്ത്യയുടെ ശക്തിദുർഗങ്ങൾ. 10 മാസംമുമ്പ് ഇതേ വേദിയിൽവച്ചാണ് അതിനൊരു ഇടർച്ച വന്നത്. ട്വന്റി–20യിൽ ഇന്ത്യൻ ശെെലി യോജിക്കുന്നില്ലെന്ന അഭിപ്രായങ്ങൾ ഉയർന്നു. ഇരുവർക്കും തിരിച്ചെത്താനുള്ള അവസരമാണിത്. പ്രത്യേകിച്ചും കോഹ്-ലിക്ക്. രോഹിത് ആക്രമണാത്മക ബാറ്റിങ് ശെെലിയിലേക്ക് പൂർണമായും മാറുന്നുണ്ട്. റൺ വരൾച്ചയിലുള്ള കോഹ്-ലി ആ രീതിയിലേക്ക് ശ്രമിക്കുന്നുണ്ടെങ്കിലും മുന്നേറാനാകുന്നില്ല. ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിലേക്കുള്ള വഴി എളുപ്പമാക്കാൻ കോഹ്ലിക്ക് ഈ ഏഷ്യാകപ്പ് നിർണായകമാണ്.
ട്വന്റി–20യിൽ രണ്ടുംകൽപ്പിച്ചുള്ള ആക്രമണമാണ് ലക്ഷ്യമെന്ന് കഴിഞ്ഞ പരമ്പരകളിലൂടെ ഇന്ത്യൻ ടീം തെളിയിച്ചുകഴിഞ്ഞു. കോവിഡുകഴിഞ്ഞ് തിരിച്ചെത്തിയ ലോകേഷ് രാഹുലിന്റെ പ്രകടനത്തിൽ ടീമിന് ആശങ്കയുണ്ട്. സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ദിനേശ് കാർത്തിക് എന്നിവരാണ് ടീമിന്റെ ട്വന്റി–20 സ്പെഷ്യലിസ്റ്റുകൾ. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ പിന്നാലെ. ബൗളർമാരിൽ ഭുവനേശ്വർ കുമാറിലാണ് പ്രതീക്ഷ. അതേസമയം, പേസർ ജസ്പ്രീത് ബുമ്രയുടെ അഭാവം ടീമിനെ ബാധിക്കും. അർഷ്ദീപ് സിങ്ങാണ് ബുമ്രയുടെ പകരക്കാരനായെത്തുക. ബാബറാണ് പാകിസ്ഥാന്റെ കരുത്തും ആത്മവിശ്വാസവും.
ബാറ്റിങ് നിരയിൽ ബാബറിനൊപ്പം വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനുംകൂടി ചേരുമ്പോൾ പാകിസ്ഥാൻ കുതിക്കും. ഫഖർ സമാൻ, ആസിഫ് അലി, ഖുഷ്ദിൽ അലി, ഹെെദർ അലി എന്നിവരാണ് ബാറ്റിങ് നിരയിലെ മറ്റ് വമ്പൻമാർ. ബൗളർമാരിൽ പരിക്കേറ്റ് പിന്മാറിയ ഷഹീൻ അഫ്രീദിയുടെ അഭാവമാണ് വലിയ തിരിച്ചടി.