ദുബായ്
‘പത്തുവർഷത്തിനിടെ ആദ്യമായി ഒരുമാസത്തോളം ബാറ്റ് തൊട്ടിട്ടില്ല. ജീവിതത്തിൽ മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല’–- വിരാട് കോഹ്ലി ഹൃദയം തുറന്നു. ഒരുഘട്ടത്തിൽ വിഷാദത്തിലേക്ക് നീങ്ങിയെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ തുറന്നുപറഞ്ഞു. ‘മാനസികസമ്മർദത്തിലായിരുന്നു എന്നു പറയാൻ ഒരു മടിയുമില്ല. അത് സ്വാഭാവിക കാര്യമാണ്. പക്ഷേ, നമുക്കത് അംഗീകരിക്കാൻ മടിയാണ്. എന്നെ വിശ്വസിക്കൂ, കരുത്തനാണെന്ന് അഭിനയിക്കുന്നതിലും നല്ലത് ദുർബലനാണെന്ന് സമ്മതിക്കുന്നതാണ്.
കഴിഞ്ഞ ഒരുമാസം ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒന്നിലും ഏർപ്പെട്ടിട്ടില്ല. പത്തുവർഷത്തിനുള്ളിൽ മറ്റാരെക്കാളും കൂടുതൽ മത്സരങ്ങൾ കളിച്ചു. ഒരുപാട് അധ്വാനമുണ്ടായി അതിന്. മാനസികമായി എനിക്കിതിന് കഴിയും എന്നായിരുന്നു കരുതിയത്. എന്നാൽ, എല്ലാത്തിനും പരിധികളുണ്ടെന്ന് മനസ്സിലായി. മറിച്ചാണെങ്കിൽ അത് ആരോഗ്യത്തെ ദോഷമായി ബാധിക്കും. ക്രിക്കറ്റുകൊണ്ടുമാത്രമല്ല ഈ അവസ്ഥയുണ്ടായത്’–- കോഹ്ലി അറിയിച്ചു.
കോഹ്ലി ഒരു സെഞ്ചുറി നേടിയിട്ട് മൂന്നുവർഷത്തിനടുത്തായി. ടീമിലെ സ്ഥാനംതന്നെ സംശയത്തിലാണ്. വെസ്റ്റിൻഡീസ്, സിംബാബ്വെ പരമ്പരകളിൽനിന്ന് വിട്ടുനിന്ന് ഒരുമാസമായി വിശ്രമത്തിലായിരുന്നു മുപ്പത്തിമൂന്നുകാരൻ. പാകിസ്ഥാനെതിരെ ഇന്ന് നൂറാം ട്വന്റി–-20ക്കാണ് ഇറങ്ങുന്നത്.